അഭിറാം മനോഹർ|
Last Updated:
വെള്ളി, 15 നവംബര്‍ 2019 (19:18 IST)
===തീവണ്ടിയാത്രകൾ ഇനി ചിലവ് കുറഞ്ഞവയായിരിക്കില്ലെന്ന സൂചന നൽകി റെയിൽവേ സർക്കുലർ പുറത്തിറങ്ങി. എക്സ്പ്രസ്സ് തീവണ്ടികളായ രാജധാനി,ജനശതാബ്ദി,തുരന്തോ എന്നിവയിലെ ഭക്ഷണനിരക്ക് ഉയർത്തിയതായുള്ള റെയിൽവേ മന്ത്രാലയത്തിന്റെ സർക്കുലാറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിരക്കുകൾ വർധിപ്പിക്കുന്നതിനായുള്ള ഐആര്‍സിടിസിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
പുതുക്കിയ നിരക്കുകൾ പ്രകാരം ഇനി മുതൽ രാജധാനി,ജനശതാബ്ദി,തുരന്തോ ട്രൈനുകളിൽ ഫസ്റ്റ് ക്ലാസ് ഏസിയിൽ ഒരു ചായക്ക് 35 രൂപ നൽകണം. സെക്കന്റ് തേര്‍ഡ് എസി കംപാര്‍ട്ട്‌മെന്റുകളിൽ 20 രൂപയാണ് ചായയുടെ വില. തുരന്തോയിലെ സ്ലീപ്പിങ് ക്ലാസിൽ 15 രൂപയും നൽകണം.
ഇത് കൂടാതെ ഫസ്റ്റ് ക്ലാസ് ഏസിയിൽ പ്രഭാത ഭക്ഷണത്തിന് 140 രൂപയും, സെക്കന്‍ഡ്, തേര്‍ഡ് ക്ലാസ്സില്‍ 105 രൂപയായും വില ഉയര്‍ത്തിയിട്ടുണ്ട്.ഉച്ചയൂണിനും രാത്രിഭക്ഷണത്തിനും ഫസ്റ്റ് ക്ലാസ് ഏസിയിൽ 245 രൂപയാണ് ഇനിമുതൽ ഈടാക്കുക. സെക്കന്റ്, തേര്‍ഡ് ക്ലാസുകളിൽ 185 രൂപയായിരിക്കും വില. വൈകുന്നേരത്തെ ചായയുടെ വിലയും 50 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
ഇത് കൂടാതെ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും 40 രൂപയായിരിക്കും ഇനിമുതൽ പ്രഭാതഭക്ഷണത്തിനായി ഈടാക്കുക. മാംസഭക്ഷണമുണ്ടെങ്കിൽ 50 രൂപയും ഉച്ചഭക്ഷണത്തിന് 80 രൂപയും ആയി നിജപെടുത്താനും പദ്ധതിയുണ്ട്. സർക്കുലർ പുറത്തിറങ്ങി 120 ദിവസങ്ങൽ കഴിഞ്ഞേ പുതിയ നിരക്കുകൾ നിലവിൽ വരികയുള്ളു.