ബ്രെസയെ നിഷ്‌പ്രഭമാക്കി വെന്യു തരംഗം,, അഞ്ച് മാസംകൊണ്ട് വിറ്റഴിച്ചത് 42,681 യൂണിറ്റുകൾ, 75,000വും കടന്ന് ബുക്കിംഗ് മുന്നോട്ട് !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 12 ഒക്‌ടോബര്‍ 2019 (14:26 IST)
ഹ്യുണ്ടായിയുടെ കോംപാക്ട് എസ് യു വി വെന്യു ഇന്ത്യൻ വാഹന വിപണിയിൽ അക്ഷരാർത്ഥത്തിൽ തരംഗമായി മാറുകയാണ്. വാഹനം വിപണിയിലെത്തി വെറും അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ 42,681 വെന്യു യൂണിറ്റുകളെയാണ് ഹ്യൂണ്ടായി നിരത്തുകളിലെത്തിച്ചത്. വാഹനത്തിനായുള്ള ബുക്കിങ്ങാവട്ടെ 75,000വും കടന്ന് മുന്നേറുകയാണ്. വാഹനത്തിന്റെ എസ്എക്‌സ് ഡ്യുവല്‍ ക്ലെച്ച്, എസ്എക്‌സ് ഓപ്ഷണല്‍ എന്നീ വേരിയന്റുകൾക്കാണ് ആവശ്യക്കാർ അധികവും

രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കോംപാക്ട് എസ്‌യുവി എന്ന മാരുതി സുസൂക്കി വിറ്റാര ബ്രെസയുടെ വിശേഷണം ഉടൻ വെന്യു കൈവശപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വിൽപ്പനയിൽ ബ്രെസയെ തകർക്ക് വെന്യു മുന്നിലെത്തിയിരുന്നു. കുറഞ്ഞ വിലയിൽ വികച്ച സംവിധാനങ്ങളുള്ള കോംപാക്ട് എസ്‌യുവി എന്ന ഹ്യൂണ്ടായിയുടെ വിൽപ്പന തന്ത്രം വിജയം കാണുകയാണ്.

മെയ് ഇരുപത്തി ഒന്നിനാണ് വാഹനത്തെ ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 6.50 ലക്ഷമാണ് ഹ്യുണ്ടായ് വെന്യുവിന്റെ അടിസ്ഥാന മോഡലിന്റെ എക്സ് ഷോറൂം വില. 10.84 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഉയർന്ന മോഡലിന്റെ വിപണി വില. രണ്ട് പെട്രോൾ എഞ്ചിനുകൾ, ഒരു ഡീസൽ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ പതിപ്പുകളിൽ പതിമൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എട്ട് പെട്രോൾ വേരിയന്റുകളും അഞ്ച് ഡീസൽ വേരിയന്റുകളിലുമാണ് വാഹനം എത്തിയിരിക്കുന്നത്.

120 പി എസ് കരുത്തും 172 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോ ജി ഡി ഐ പെട്രോൾ എഞ്ചിനിൽ 7 സ്പീഡ് ഡബിൾ ക്ലച്ച് ഓപ്ഷനും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമാണ് ഉണ്ടാവുക. 83 പി എസ് കരുത്തും 115 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ എം പി ഐ പെട്രോൾ എഞ്ചിൻ വേരിയന്റിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സാ‍ണ് ഉണ്ടാവുക, 90 പി എസ് കരുത്തും 220 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.4 ലിറ്റർ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് ട്രാൻസ്മിഷനാണ് ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :