സ്വര്‍ണബോണ്ട്, സ്വര്‍ണം പണമാക്കല്‍ പദ്ധതികള്‍ക്ക് അനുമതി

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (09:12 IST)
വെറുതെ കിടക്കുന്ന സ്വര്‍ണം പുറത്തുകൊണ്ടുവരുകയും സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വര്‍ണബോണ്ട്, സ്വര്‍ണം പണമാക്കല്‍ പദ്ധതികള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ അനുമതിനല്‍കി. കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും ഉത്തരവാദിത്വത്തിലാണ് സ്വര്‍ണബോണ്ടുകള്‍ പുറപ്പെടുവിക്കുക.

വീടുകളിലും ട്രസ്റ്റുകളിലും വിവിധസ്ഥാപനങ്ങളിലും മറ്റും ഉപയോഗമില്ലാതെ കിടക്കുന്ന സ്വര്‍ണം പണമാക്കിമാറ്റാനുള്ളതാണ് 'ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം' (ജി.എം.എസ്). നിലവിലെ 'ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീം (ജി.ഡി.എസ്), 'ഗോള്‍ഡ് മെറ്റല്‍ ലോണ്‍ സ്‌കീം' (ജി.എം.എല്‍.) എന്നിവ പരിഷ്‌കരിക്കും.

രാജ്യത്തെ ആകെയുള്ള സ്വര്‍ണശേഖരം 20,000 ടണ്‍. ഈവര്‍ഷം മാര്‍ച്ചോടെ 930 ടണ്‍ സ്വര്‍ണം രാജ്യം ഇറക്കുമതി ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ കണക്ക്. ഇതിനായി 3,432 കോടി ഡോളര്‍ (ഏകദേശം 2,28,300 കോടിരൂപ) ആണ് ചെലവാക്കേണ്ടിവരിക. സ്വര്‍ണം പണമാക്കിമാറ്റല്‍ പദ്ധതിയിലൂടെ ഇറക്കുമതി കുറയ്ക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ. വിദേശനാണ്യം ലാഭിക്കാനും ഇതിലൂടെ കഴിയും. രണ്ടു പദ്ധതികളിലേയും വിശദാംശങ്ങള്‍ ചുവടെ.

സ്വര്‍ണബോണ്ട് പദ്ധതി

* സ്വര്‍ണത്തിന്റെ അളവ് ഗ്രാമില്‍ രേഖപ്പെടുത്തിയിരിക്കും. 5, 10, 50, 100 ഗ്രാമിന്റെ ബോണ്ടുകള്‍ പുറത്തിറക്കും,ഒരുവര്‍ഷം ഒരാള്‍ക്ക് വാങ്ങാന്‍ പറ്റുക പരമാവധി 500 ഗ്രാം സ്വര്‍ണത്തിന്റെ ബോണ്ടായിരിക്കും,
ഇന്ത്യക്കാര്‍ക്കുമാത്രമേ ബോണ്ട് വാങ്ങാനാവൂ. പേപ്പര്‍ രൂപത്തിലും 'ഡീമാറ്റ്' രൂപത്തിലും വാങ്ങാം, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് ഏജന്റുമാര്‍ മുഖാന്തരം ബോണ്ടുകള്‍ വാങ്ങുകയും പിന്നീട് വീണ്ടെടുക്കുകയും ചെയ്യാം.

കാലാവധി ചുരുങ്ങിയത് അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെയാണ്. നിക്ഷേപ സുരക്ഷിതത്വത്തിനുവേണ്ടിയാണിത്, കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പണമായിമാത്രമേ ബോണ്ടുകള്‍ വീണ്ടെടുക്കാനാവൂ. ബോണ്ടില്‍ കാണിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ ഗ്രാമിലുള്ള അളവിന്, അതുവീണ്ടെടുക്കുമ്പോള്‍ എത്രയാണോ വേണ്ടത് ആ തുകയായിരിക്കും നല്‍കുക, നിക്ഷേപസമയത്തുള്ള സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കി പലിശ നല്‍കും. ബോണ്ട് പണമാക്കിമാറ്റുന്ന സമയത്ത്, സ്വര്‍ണത്തിന്റെ വില ബോണ്ടുവാങ്ങുന്ന സമയത്തേതിനേക്കാള്‍ എന്തെങ്കിലും സാഹചര്യത്തില്‍ കുറഞ്ഞുപോയാല്‍, നിക്ഷേപകര്‍ക്ക് വീണ്ടും മൂന്നുവര്‍ഷമോ കൂടുതല്‍ കാലമോ ബോണ്ട് തുടരാം.

ബോണ്ടിന് കേന്ദ്രസര്‍ക്കാറിന്റെ സുരക്ഷിതത്വവും ഉറപ്പും ഉണ്ടാവുമെങ്കിലും സ്വര്‍ണത്തിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നത് ഭാവിയില്‍ മൂല്യത്തെ ബാധിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം നിക്ഷേപകനായിരിക്കും, വായ്പ എടുക്കാനുള്ള ഈടായി സ്വര്‍ണബോണ്ട് ഉപയോഗിക്കാം. സാധാരണ സ്വര്‍ണവായ്പയ്ക്ക് റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന അനുപാതം തന്നെയാവും ബോണ്ടുകളുടെ കാര്യത്തിലും നടപ്പാക്കുക,നിക്ഷേപകരുടെ താത്പര്യമനുസരിച്ച് വേണമെങ്കില്‍ ബോണ്ടുകള്‍ എളുപ്പം വില്‍ക്കാനും കൈമാറാനും സ്വാധിക്കും, ബോണ്ടുകളിലൂടെ ലഭിക്കുന്ന പണവും ചെറിയ പലിശയും പ്രത്യേക 'സ്വര്‍ണ റിസര്‍വ് ഫണ്ട്' വഴിയായിരിക്കും കൈകാര്യം ചെയ്യുക.

സ്വര്‍ണം പണമാക്കിമാറ്റല്‍ പദ്ധതി

ഇടപാടുകാര്‍ക്ക് സ്വര്‍ണനിക്ഷേപ അക്കൗണ്ടുകള്‍ തുറന്ന് സ്വര്‍ണാഭരണങ്ങളും മറ്റും ഒരു നിശ്ചിതകാലാവധിക്ക് നിക്ഷേപിക്കാം. സ്വര്‍ണഗ്രാമിന്റെ അടിസ്ഥാനത്തിലായിരിക്കും അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുക. കാലാവധി കഴിയുമ്പോള്‍ നിക്ഷേപവും പലിശയും പണമായി ലഭിക്കും.

നിക്ഷേപം 1-3 വര്‍ഷം, 5-7 വര്‍ഷം, 12-15 വര്‍ഷം എന്നിങ്ങനെ. ബാങ്കുകളിലെ സ്ഥിരംനിക്ഷേപംപോലെ കാലാവധിക്കുമുമ്പ് അത് വീണ്ടെടുക്കുന്നതിന് പിഴ നല്‍കണം, നിക്ഷേപത്തിനുമേല്‍ ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവ്, നിക്ഷേപിക്കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി കണക്കാക്കാന്‍ പരിശോധനാകേന്ദ്രങ്ങളുണ്ടാവും, ഒരു നിക്ഷേപകന് കൊണ്ടുവരാവുന്ന ഏറ്റവും കുറഞ്ഞ അളവ് 30 ഗ്രാം സ്വര്‍ണം.

20,000 ടണ്‍ സ്വര്‍ണം
നമുക്ക് സ്വന്തം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :