സജിത്ത്|
Last Modified വ്യാഴം, 1 ഫെബ്രുവരി 2018 (10:15 IST)
പുതിയ കോംപാക്റ്റ് യൂട്ടിലിറ്റി വെഹിക്കിളുമായി ഫോർഡ് മോട്ടോർസ് ഇന്ത്യയിലേക്ക്. ഫോര്‍ഡിന്റെ ഹാച്ച്ബാക്ക് മോഡലായ ഫിഗോയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഈ ക്രോസ്ഓവർ, ഫ്രീസ്റ്റൈൽ എന്ന പേരിലാണ് വിപണിയിലെത്തുക. ഈ വര്‍ഷം ഏപ്രിലിലായിരിക്കും ഈ പുതിയ സിയുവിയുടെ വിപണി പ്രവേശനം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
ചെറിയ രീതിയിലുള്ള ഓഫ്-റോഡിംഗ് സൗകര്യങ്ങളും പുതിയ ഫ്രീസ്റ്റൈലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വശത്തേക്ക് തള്ളി നില്ക്കുന്ന ബമ്പറും ഹെക്സഗണൽ ഗ്രില്ലും വശങ്ങളിലെ സ്വീപ്പിംഗ് ലൈനുകളും കൂടുതൽ ചെരിവുള്ള വിൻഡ്ഷീൽഡുകളുമാണ് പുതിയ സിയുവിയുടെ പ്രധാന ആകര്‍ഷണം. മാത്രമല്ല പ്രീമിയം സ്റ്റൈൽ ഡിസൈനിംഗാണ് വാഹനത്തിന്റെ ഇന്റീരിയറില്‍ നല്‍കിയിരിക്കുന്നത്.
6.5 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ ആറ് എയർബാഗുകൾ, ബിഎസ്, ഇബിഡി, ഇപാസ്(ഇലക്ട്രിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ്), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, എബിഎസ് എന്നിങ്ങനെയുള്ള അതിനൂതനമായ സുരക്ഷാസജ്ജീകരണങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ടു വേരിയന്റുകളിലും ലഭ്യമാകുന്ന ഈ വാഹനത്തിന് 1.2 ലിറ്റർ 96 പിഎസ് ഡ്രാഗൺ പെട്രോൾ എൻജിനും 1.5 ലിറ്റർ 100 പിഎസ് ഡീസൽ എൻജിനുമാണ് കരുത്തേകുന്നത്. പുതിയ അഞ്ച് സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ സംവിധാനമാണ് ഫ്രീസ്റ്റൈലിൽ ഇടം പിടിക്കുന്നത്. 6 മുതല്‍ 8 ലക്ഷം രൂപവരെയായിരിക്കും വാഹനത്തിന്റെ വിലയെന്നാണ് വിവരം.