തേങ്ങയുടെ വിലയും റെക്കോര്‍ഡിലേക്ക് കുതിക്കുന്നു; പ്രതീക്ഷയോടെ കേര കര്‍ഷകര്‍

coconut , coconut price , farmer , തേങ്ങ , തേങ്ങ വില , തേങ്ങയുടെ വില , കേരകര്‍ഷകര്‍
കോഴിക്കോട്| സജിത്ത്| Last Modified ബുധന്‍, 31 ജനുവരി 2018 (13:52 IST)
സംസ്ഥാനത്തെ തെങ്ങ് കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസമായി നാളികേരത്തിന്റെ വില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഒരു കിലോ തേങ്ങയ്ക്ക് 60 രൂപയാണ് ഇപ്പോള്‍ ചില്ലറ വില്പന വില. കൃഷിചെയ്യുന്നതിലെ ബുദ്ധിമുട്ടും തെങ്ങുകയറ്റക്കാരുടെ കൂലിയിലുണ്ടായ വര്‍ധനവും കീടങ്ങളുടെ ആക്രമണവും കൊണ്ട് വളരെയേറെ ബുദ്ധിമുട്ടിലായിരുന്ന കേരകര്‍ഷകര്‍ക്ക് നല്ലകാലം വരുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ റെക്കോര്‍ഡ് വില.

തമിഴ്‌നാട്ടില്‍ നിന്ന് തേങ്ങയുടെ വരവ് കുറഞ്ഞതും കേരളത്തിലുടനീളം 30ലധികം കമ്പനികള്‍ വന്‍തോതില്‍ തേങ്ങകള്‍ ശേഖരിക്കാന്‍ എത്തുന്നതും നാളികേര ഉത്പാദനത്തിലെ വര്‍ധനവും വിപണിയില്‍ തേങ്ങയ്ക്ക് ആവശ്യക്കാര്‍ കൂടുതലായതുമാണ് ഇപ്പോള്‍ ഉണ്ടായ ഈ വര്‍ധനവിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വലിയ വിലവര്‍ധനയാണ് തേങ്ങയ്ക്ക് ഉണ്ടായിരിക്കുന്നത്.

2014 ല്‍ ഒരു കിലോ തേങ്ങയ്ക്ക് 22 രൂപയായിരുന്നു വില. 2017 ല്‍ ഇത് 36 രൂപയായി വര്‍ധിച്ചു. അതിന്‌ശേഷം ഈ വര്‍ഷമാണ് നാളികേരത്തിന്റെ വിലയില്‍ വലിയ തോതിലുള്ള കുതിപ്പുണ്ടായിരിക്കുന്നത്. കൊപ്രയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 2017 ല്‍ കിലോയ്ക്ക് 115 രൂപയായിരുന്ന കൊപ്രയ്ക്ക് ഇപ്പോള്‍ 150 രൂപയാണ്. അതേസമയം ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 260 രൂപയാണ് വിപണിയിലെ വില.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :