സജിത്ത്|
Last Modified ബുധന്‍, 4 ജനുവരി 2017 (12:31 IST)
പുതിയ ഗോ ക്രോസ് മോഡലുമായി
ഡാറ്റ്സൻ എത്തുന്നു.
ക്രോസോവർ സെഗ്മന്റിൽ ഡാറ്റ്സൻ അവതരിപ്പിക്കുന്ന ആദ്യത്തെവാഹനമാണ് ഗോ ക്രോസ്. ഈ വർഷം പകുതിയോടെ വിപണിയിലെത്തുമെന്ന് കരുതുന്ന ഈ വാഹനത്തിന് ഏതാണ്ട് അഞ്ചു ലക്ഷത്തോളമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിസാൻ മൈക്രയ്ക്ക് കരുത്തേകുന്ന 1.2ലിറ്റർ, 1.5ലിറ്റർ ടിഡിസിഐ ഡീസൽ എൻജിന്‍ തന്നെയായിരിക്കും ഗോ ക്രോസിസും കരുത്തേകുക. ഡാറ്റ്സന്റെ ഗോ പ്ലസ് മോഡലിനു സമാനമായ രീതിയിലുള്ള മൂന്നു നിര സീറ്റാണ് ഈ ക്രോസോവറിലുമുള്ളത്. എന്നാൽ ഗോ പ്ലസിൽ നിന്നു വിഭിന്നമായ ഡിസൈനും ഫീച്ചറുകളുമാണ് ഇതിലുള്ളത്.
ബോക്സി ഡിസൈൻ കൈവരിച്ചിരിക്കുന്ന ഗോ ക്രോസിൽ എൽഇഡി ഹെഡ്‌ലൈറ്റ്, ഹെക്സാഗണൽ ഗ്രിൽ, പ്ലാസ്റ്റിക് ക്ലാഡിംഗ്, സ്കിഡ് പ്ലേറ്റ് എന്നീ സവിശേഷതകളാണ് പുറമെ നൽകിയിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന പുത്തൻ തലമുറയെ ലക്ഷ്യംവെച്ചാണ് ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങുന്ന നിസാൻ എക്സ്ട്രെയിൽ ഹൈബ്രിഡിനു ശേഷമായിരിക്കും ഡാറ്റ്സൻ ഗോ ക്രോസ് മോഡലിന്റെ അവതരണമുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. ഇനി പുറത്തിറങ്ങാനിരിക്കുന്ന മാരുതി ഇഗ്നിസ്, ഹ്യുണ്ടായ് ആക്ടീവ് ഐ20, ടൊയോട്ട എത്യോസ് ക്രോസ് എന്നിവയായിരിക്കും ഗോ ക്രോസിന്റെ മുഖ്യ എതിരാളികള്‍.