ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 10 ജൂലൈ 2017 (12:22 IST)
രാജ്യത്ത് ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പായതിനെത്തുടര്‍ന്നുണ്ടായ ആശങ്ക വാഹന വിപണിയെ ശക്തമായി ബാധിച്ചു. ചെറുകാര്‍ വിപണിയില്‍ റെനോ ക്വിഡും ടാറ്റാ തിയാഗോയും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്.
ജൂണില്‍ 5,438 തിയാഗോ കാറുകൾ നിരത്തിലിറങ്ങിയപ്പോൾ ക്വിഡ് 5,439 എണ്ണമാണ് പുറത്തിറക്കിയത്. ബുക്കിംഗിലും വില്‍പ്പനയിലും ഇരുവരും ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുകയാണ്. തിയാഗോയുടെ ബുക്കിംഗുകൾ ഒരു ലക്ഷം കവിഞ്ഞു. തിയാഗോ എഎംടിയും നേട്ടങ്ങള്‍ സ്വന്തമാക്കുന്നുണ്ട്. എന്നാല്‍, റെനോ ക്വിഡിന്റെ വില്പനയിൽ 42 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജനപ്രീയ വാഹനങ്ങളായ ആൾട്ടോ, സ്വിഫ്റ്റ്, വാഗൺ ആർ, ക്വിഡ്,
ക്രെറ്റ മോഡലുകളുടെ വില്പന പോയ മാസം കുറഞ്ഞു. ജിഎസ്ടിയുടെ കടന്നുവരവാണ് ഇതിനു കാരണമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.
അതേസമയം ബലേനോ, വിറ്റാര ബ്രെസ, തിയാഗോ തുടങ്ങിയ മോഡലുകൾ പഴയ ഓർഡറുകൾ ഉള്ളതിനാൽ വില്‍പ്പനയില്‍
കുറവുണ്ടായില്ല. മാരുതി സുസുകി ഇന്ത്യയും ഹോണ്ട കാർസ് ഇന്ത്യയും വളർച്ച രേഖപ്പെടുത്തിയപ്പോൾ ടൊയോട്ട, ഫോർഡ്, റെനോ തുടങ്ങിയ കമ്പനികളുടെ വില്‍പ്പന താഴ്ന്നു.