കൊല്‍ക്കത്ത|
VISHNU.NL|
Last Modified വ്യാഴം, 26 ജൂണ്‍ 2014 (12:16 IST)
ജനകീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പ്രതിഛായക്ക് വേണ്ടി സര്‍ക്കാര്‍ റെയില്‍വേ നിരക്ക് വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിച്ചാല്‍ റെയില്‍വേ അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യവസായ വാണിജ്യ സംഘടനകളുടെ വേദിയായ അസോചം.
ഇന്ത്യന്‍ റെയില്‍വേ ആധുനികവത്കരണം നടത്തണമെങ്കില്‍ 45,600 കോടി രൂപ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ജനകീയ സമ്മര്‍ദത്തിനു വഴങ്ങി നിരക്കുവര്‍ധന പിന്‍വലിക്കരുതെന്നു അസോചം കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. ഓരോവര്‍ഷവും ബജറ്റ് പിന്തുണ തേടാതെ ആഭ്യന്തരമായി വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടാന്‍ റെയില്‍വേയെ സജ്ജമാക്കണമെന്നും അസോചം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിദിനം 140 ലക്ഷം യാത്രക്കാരെയും ചരക്കുനീക്കവും കൈകാര്യം ചെയ്യുന്ന റെയില്‍വേയെ ഒരു ബിസിനസും വ്യവസായവുമായി കണ്ട് കൂടുതല്‍ ജീവനക്കാര്‍ക്കു പകരം സാങ്കേതികവികസനത്തില്‍ ശ്രദ്ധ ചെലുത്തിയുള്ള നടപടികള്‍ സ്വീകരിക്കുക, പുതിയ ജോലിക്കാരെ എടുക്കുന്നതിനു പകരം നിലവിലുള്ള 14 ലക്ഷം ജീവനക്കാരെ പുനര്‍വിന്യസിച്ച് അവരെ മികച്ച തൊഴില്‍ശക്തിയാക്കി മാറ്റുക ന്തുടങ്ങിയ നിര്‍ദ്ദേശങ്ങളും അസോചം സമര്‍പ്പിച്ചിട്ടുണ്ട്.
റെയില്‍വേയുടെ ആഭ്യന്തര വരുമാനം 13,500 കോടിയാണ്, എന്നാല്‍
കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ നവീകരണങ്ങള്‍ക്കായുള്ള പദ്ധതിച്ചെലവ് 64,305 കോടി രൂപയായാണു നിശ്ചയിച്ചത്. ഇത് തമ്മിലുള്ള അന്തരവും അസോചം ചൂണ്ടിക്കാണിച്ചു.
ദീര്‍ഘകാല ദേശീയ താത്പര്യം കണക്കിലെടുത്ത് ഒരു സുസ്ഥിര സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നും അതിനാല്‍ യാത്രാനിരക്കു വര്‍ധിപ്പിക്കാനുള്ള ഇപ്പോഴത്തെ തീരുമാനം വളരെ ധൈര്യപൂര്‍വ്വമായ നീക്കമാണെന്ന് അസോചം വിലയിരുത്തുന്നതായി അസോചം സെക്രട്ടറി ജനറല്‍ ഡിഎസ് റാവത്ത് പറഞ്ഞു