സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് വിപണിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ചൈനീസ് കമ്പനിയായ ലെനോവ. 5000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ലെനോവയില്‍ നിന്നും ഉടന്‍ പുറത്തിറങ്ങുമെന്നാണ് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ലെനോവയുടെ ഈ നീക്കം.
കമ്പ്യൂട്ടര്‍ വില്‍പ്പനയും ലാപ്ടോപ്പ് വില്‍പ്പനയും കുറഞ്ഞ് സ്മാര്‍ട്ഫോണുകളും, ഫാബ്ലെറ്റുകളും വാഴുന്ന ഇന്ത്യന്‍ വിപണിയില്‍ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി തങ്ങളുടേതായ ഇടം കണ്ടെത്തിയ മൈക്രോമാക്‌സ്, ലാവ, കാര്‍ബണ്‍ കമ്പനികളുടെ നിരയില്‍ സ്ഥാനം പിടിക്കാനാണ് ലെനോവയുടെ ശ്രമം.
ചെറിയ ഫോണുകളില്‍ നിന്നും സ്മാര്‍ട്ഫോണുകളിലേക്ക് ഉപഭോക്താക്കള്‍ മാറുകയാണെന്നും സ്മാര്‍ട്ഫോണ്‍ മാര്‍ക്കറ്റില്‍ വന്‍ വളര്‍ച്ചയുണ്ടാക്കാന്‍ ഇത് കാരണമാകുമെന്നും ലെനോവയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ നിക്ക് ഡോണാള്‍ഡും പറയുന്നു.