ഇന്ത്യന്‍ കമ്പനിയായ പിരമല്‍ എന്റര്‍പ്രൈസസ് കഴിഞ്ഞ വര്‍ഷം വാങ്ങിയ വൊഡഫോണ്‍ ഓഹരികള്‍ 3000 രൂപ കൂട്ടി വില്ക്കാന് തീരുമാനിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ 5864 കോടിരൂപ മുടക്കി വാങ്ങിയ വൊഡാഫോണ്‍ ഇന്ത്യ എന്ന കമ്പനിയുടെ 11 ശതമാനം ഓഹരികളാണ് മാതൃകമ്പനിയായ വൊഡഫോണ്‍ ബ്രിട്ടിഷ് കമ്പനിക്ക് വില്‍ക്കുന്നത്
കേന്ദ്ര സര്‍ക്കരിന്റെ പുതിയ ടെലികോം നയമനുസരിച്ച് സെല്ലുലാര്‍ സേവന ദാതാക്കളുടെ നൂറു ശതമാനം ഓഹരികളും വാങ്ങാന്‍ വിദേശ കമ്പനികള്‍ക്ക് അനുമതിയുണ്ട്. ഇതനുസരിച്ച് തങ്ങളുടെ ഇന്ത്യന്‍ പങ്കാളികളില്‍ നിന്ന് എല്ലാ ഓഹരികളും സ്വന്തമാക്കുമെന്ന് വൊഡാഫോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിനായി 10141 കോടി രൂപ മുടക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. തീരുമാനത്തിന്റെ പിന്നാലെ പിരമലില് നിന്ന് മുഴുവന്‍ ഓഹരികളും 8900 കോടി രൂപയ്ക്ക് വാങ്ങാന്‍ വൊഡഫോണ്‍ നടപടിയെടുക്കുകയും ചെയ്തു. വൊഡാഫോണിന്റെ ഉപസ്ഥാപനമായ പ്രൈം മെറ്റല്സിനാണ് തല്ക്കാലം ഈ ഓഹരികള്‍ കൈമാറുക.
പിരമലിന് വളരെ ലാഭമുണ്ടാക്കിയ വില്പന കമ്പനിയുടെ ഓഹരി മൂല്യം 7.1 ശതമാനമായി ഉയരാന്‍ കാരണമായി. ഉപയോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും വൊഡാഫോണ്‍ ഇന്ത്യയിലെ രണ്ടാമത്തെ കമ്പനിയാണ്.