ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 6 ജനുവരി 2010 (16:50 IST)
PRO
ഇന്ത്യന്‍ വാഹന വിപണി പിടിച്ചടക്കാന്‍ നിസാന്‍ തയ്യാറെടുക്കുന്നു. ഒമ്പത് മോഡലുകളാണ് കമ്പനി ഇന്ത്യന്‍ നിരത്തുകളില്‍ പുതുതായി അവതരിപ്പിക്കുക. ഇതില്‍ അഞ്ചെണ്ണം ഇന്ത്യയില്‍ തന്നെയാകും നിര്‍മ്മിക്കുക.
കമ്പനിയുടെ ഇന്ത്യാ ഘടകം സിഇഒ കിമിനോബു ടൊകുയാമ ആണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ ഓട്ടോ എക്സ്പോയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജപ്പാനിലെ മൂന്നാം നമ്പര്‍ വാഹന നിര്‍മ്മാണ കമ്പനിയാണ് നിസാന്‍. നിലവില്‍ കുറച്ചു കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതൊഴിച്ചാല്‍ നിസാന്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമല്ല. മെയിലായിരിക്കും കമ്പനി ഇന്ത്യയില്‍ വാഹനങ്ങള്‍ ഉല്‍പാദിപ്പിച്ചുതുടങ്ങുക. ചെന്നൈയിലെ ഫാക്ടറിയിലാകും ഉല്‍പാദനം നടത്തുക. അടുത്ത വര്‍ഷത്തോടെ കമ്പനിയുടെ വാഹന കയറ്റുമതിയുടെ പ്രധാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്.
കമ്പനിയുടെ ആഗോള വിപണനത്തില്‍ ഇന്ത്യയുടെ പ്രാതിനിധ്യം 5.5 ശതമാനമാക്കി മാറ്റുകയാണ് ലക്‍ഷ്യമെന്ന് ടൊകുയാമ പറഞ്ഞു. അശൊക് ലെയ്‌ലാന്‍ഡുമായി സഹകരിച്ച് ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളുടെ രണ്ട് മോഡലുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.