ബ്രിട്ടണിലെ സമ്പന്നരില്‍ മിത്തല്‍ തന്നെ ഒന്നാമത്

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 25 ഏപ്രില്‍ 2010 (10:42 IST)
PRO
ബ്രിട്ടണിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന ബഹുമതി ഇന്ത്യന്‍ വ്യവസായി ലക്‍ഷ്മി മിത്തല്‍ നിലനിര്‍ത്തി. സണ്‍‌ഡേ ടൈംസ് തയ്യാറാക്കിയ ബ്രിട്ടണിലെ സമ്പന്നരുടെ പട്ടികയിലാണ് ആഗോള ഉരുക്ക് വ്യവസായത്തിന്‍റെ അമരക്കാരനായ മിത്തല്‍ വീണ്ടും ഒന്നാമതെത്തിയത്. 22.45 ബില്യണ്‍ പൌണ്ടാണ് മിത്തലിന്‍റെ ആസ്തി.

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഇരട്ടിയാണിത്. കഴിഞ്ഞ വര്‍ഷം 10.8 ബില്യണ്‍ പൌണ്ടായിരുന്നു മിത്തലിന്‍റെ ആസ്തി. റഷ്യന്‍ വ്യവസായിയും ചെല്‍‌സി ഫുട്ബോള്‍ ടീം ഉടമയുമായ റോമന്‍ അബ്രഹ്മോവിച്ചാണ് രണ്ടാം സ്ഥാനത്ത്. 7.4 ബില്യണ്‍ പൌണ്ടാണ് അബ്രാഹ്മോവിച്ചിന്‍റെ ആസ്തി.

കഴിഞ്ഞ വര്‍ഷം ബ്രിട്ടണിലെ അതിസമ്പന്നരായ ആയിരം പേരുടെ ആസ്തിയില്‍ 30 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായതായും കണക്കെടുപ്പില്‍ വ്യക്തമായി. 53 സഹസ്ര കോടീശ്വരന്‍‌മാരാണ് കണക്കെടുപ്പ് പ്രകാരം ബ്രിട്ടണിലുള്ളത്.

ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇത് 75ല്‍ നിന്ന് 43 ആയി കുറഞ്ഞിരുന്നു. ഇവരുടെ ആകെ ആസ്തി 333.5 ബില്യണ്‍ പൌണ്ടാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 77 ശതമാനം കൂടുതലാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :