ഭക്ഷ്യ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്‍ഷ്യധാന്യങ്ങള്‍ ഉറപ്പാക്കുന്ന ഭക്‌ഷ്യ സുരക്ഷാബില്‍ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു. എന്നാല്‍, ഇതിന് വേണ്ടി വരുന്ന ഭീമമായ സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി വലിയ വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞര്‍ പ്രണബിന്‍റെ ബജറ്റിനെ വിമര്‍ശിക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലാക്കാകിയാണ് പ്രണബ് ബജറ്റ് പ്രഖ്യാപനങ്ങള്‍ നടത്തിയതെന്ന് അവര്‍ പറയുന്നു. അറ്റമില്ലാത്ത അഴിമതിക്കഥകളെ മറയ്ക്കുവാനുള്ള ഉപാധിയായി ബജറ്റിനെ കണ്ടുവെന്നും പരാതി ഉയരുന്നുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ഭക്‍ഷ്യസുരക്ഷ ബില്‍ അത്ര പഥ്യമല്ല എന്നാണ് സൂചന.
അതേസമയം, നയവ്യതിയാനം സംബന്ധിച്ച ആശങ്കകളെ പ്രണബ് തള്ളിക്കളഞ്ഞു. അടിസ്ഥാനസൌകര്യ മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള ചില നടപടികളിലും ബജറ്റ് ഊന്നുന്നുണ്ട്. കാര്‍ഷികോല്‍പ്പാദനം കൂട്ടി സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കുവാനും പണപ്പെരുപ്പ നിരക്ക് കുറയ്ക്കുവാനും ബജറ്റ് ലക്‍ഷ്യമിടുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളിലെ സംഭവവികാസങ്ങള്‍ ഭരണനിര്‍വഹണത്തിലും പൊതുവിശ്വാസ്യതയിലും ചില വീഴ്ചകള്‍ വരുന്നുവെന്ന ധാരണകള്‍ പരന്നിട്ടുണ്ടെന്ന് പ്രണബ് ബജറ്റ് പ്രസംഗത്തില്‍ സമ്മതിച്ചു. ഇതിനെ മറികടക്കുന്നതിനുള്ള ഒരു ജനകീയ ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചതും. ഭക്‍ഷ്യ-ഇന്ധന ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഗുണം ചെയ്യുന്ന ചില സബ്സിഡികളും ബജറ്റിലുണ്ട്.
2011 - 2012 സാമ്പത്തികവര്‍ഷം സാമ്പത്തിക വളര്‍ച്ച 9 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്‍ഷ്യമെന്ന് പ്രണബ് പ്രഖ്യാപിച്ചു. പണപ്പെരുപ്പ നിരക്ക് കുറയ്ക്കുവാനും പദ്ധതികളുണ്ട്.