ഒരു രൂപയ്ക്ക് 99 വര്‍ഷത്തേക്ക് 28 ഏക്കര്‍ ഭൂമി രാംദേവിനു നല്‍കിയത് തിരിച്ചെടുക്കും
ഷിംല|
WEBDUNIA|
PRO
യോഗഗുരു രാംദേവിന് നിയമങ്ങള്‍ മറികടന്ന് മാസം ഒരു രൂപ പാട്ടത്തുക നിശ്ചയിച്ച് 99 വര്‍ഷത്തേക്ക് ഹിമാചലില്‍ നല്കിയ 28 ഏക്കര്‍ ഭൂമി സംസ്ഥാനസര്‍ക്കാര്‍ തിരിച്ചെടുക്കുന്നു. മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ കോണ്‍ഗ്രസ് സര്‍ക്കാറിന്‍േറതാണ് തീരുമാനം.
രാംദേവിന്റെ പതഞ്ജലി യോഗപീഠത്തിനായി ഔഷധോദ്യാനം ഉണ്ടാക്കാനാണ് മുന്‍ ബിജെപി. സര്‍ക്കാര്‍ 2010ല്‍ സോലന്ജില്ലയില് ഈ സ്ഥലം നല്‍കിയത്. 35 മുതല്‍ 40 കോടി വരെ വിലവരുന്നതാണ് ഭൂമി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഭൂമി തിരിച്ചെടുക്കാനുള്ള തീരുമാനം. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ കുടുംബം 1956 ല്‍ കുട്ടികള്‍ക്കായി അവധിക്കാല മന്ദിരം തുടങ്ങാന്‍ സര്‍ക്കാറിന് നല്‍കിയതാണ് ഈ ഭൂമി.
എന്നാല്‍ ഔഷധോദ്യാന പരിപാടിയുമായി മുന്നോട്ടുപോവാനാണ് രാംദേവ് ട്രസ്റ്റിന്റെ തീരുമാനം. ഫെബ്രുവരി 27-ന് ഹിമാചലില്‍ എത്തുന്ന ബാബാ രാംദേവ് ഇതിന്റെ പ്രാഥമികഘട്ടം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരത് സ്വാഭിമാന്‍ ട്രസ്റ്റിന്റെ സംസ്ഥാന ഭാരവാഹി ലക്ഷ്മി ദത്ത് ശര്‍മ വ്യക്തമാക്കി.