എക്സൈസ്, സേവന നികുതികള്‍ ഉയര്‍ന്നേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
ആഗോള സാമ്പത്തികമാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ പിന്‍‌വലിക്കാനുള്ള നടപടികള്‍ യുപി‌എ സര്‍ക്കാര്‍ സ്വീകരിച്ചുതുടങ്ങി. കഴിഞ്ഞ വര്‍ഷം വ്യവസായ മേഖലയ്ക്ക് അനുവദിച്ച നികുതിയിളവുകള്‍ പിന്‍‌വലിക്കുന്നതടക്കമുള്ള നടപടികളായിരിക്കും ആദ്യപടിയായി സര്‍ക്കാര്‍ കൈക്കൊള്ളുക.

സേവന നികുതി പന്ത്രണ്ട് ശതമാനമായി പുനസ്ഥാപിച്ചേക്കും. എക്സൈസ് നികുതിയിലും നേരിയ വര്‍ദ്ധന വരുത്തിയേക്കും. നടപ്പ് വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 7.9 ശതമാനം വളര്‍ച്ച കൈവരിച്ചതാണ് ഉത്തേജന പദ്ധതികള്‍ ഘട്ടം ഘട്ടമായി പിന്‍‌വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

വ്യവസായമേഖലയെ സാരമായി ബാധിക്കാത്ത തരത്തിലുള്ള നടപടികള്‍ക്കായിരിക്കും സര്‍ക്കാര്‍ തുടക്കമിടുക. സേവന നികുതി രണ്ട് ശതമാനം കുറച്ചത് റദ്ദാക്കും. എക്സൈസ് നികുതി ആറ് ശതമാനം കുറച്ചിരുന്നെങ്കിലും പഴയ നിര്‍ക്കിലേക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
നിലവില്‍ സേവന നികുതി പത്ത് ശതമാനവും എക്സൈസ് നികുതി എട്ട് ശതമാനവുമാണ്. 2010-11 വര്‍ഷത്തില്‍ 5.5 ശതമാനവും 2011-12 വര്‍ഷത്തില്‍ നാല് ശതമാ‍നവും സാമ്പത്തികക്കമ്മിയാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്.

ചരക്ക് സേവന നികുതി അവതരിപ്പിക്കുന്നതിന് മുമ്പായി പരോക്ഷ നികുതികളെല്ലാം പുന:സംഘടിപ്പിക്കാനുള്ള അവസരം കൂടിയാണ് സര്‍ക്കാരിനിത്. പുതിയ നടപടികള്‍ കൈക്കൊള്ളുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക മന്ത്രി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി മന്‍‌മോഹന്‍സിംഗും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച തീരുമാനം അന്തിമമായി കൈക്കൊള്ളും.

ഇളവ് ചെയ്ത നികുതികള്‍ പുനസ്ഥാപിക്കുന്നതിന് അനുകൂല അവസരമാണ് വ്യവസായ മേഖലയില്‍ ഇപ്പോഴുള്ളതെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ മേഖലകള്‍ക്കാണ് നികുതിയിളവ് കൂടുതല്‍ ഗുണം ചെയ്തത്. രണ്ട് ഘട്ടങ്ങളിലായി എക്സൈസ് തീരുവ എട്ട് ശതമാനമാനവും സേവന നികുതി പത്ത് ശതമാനവുമായി കുറച്ചത് പരോക്ഷ നികുതി ശേഖരണത്തെ സാരമായി ബാധിച്ചിരുന്നു.

കുതിച്ചുയരുന്ന നാണയപ്പെരുപ്പമാണ് ആശങ്കയുണര്‍ത്തുന്ന മറ്റൊരു ഘടകം. ഡിസംബറില്‍ നാണയപ്പെരുപ്പം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ഏഴ് ശതമാനത്തിലെത്തിയിരുന്നു. സാമ്പത്തിക കമ്മി നിയന്ത്രിച്ചില്ലെങ്കില്‍ ഇത് വീണ്ടുമുയരാനാണ് സാധ്യത. ഉയര്‍ന്ന ധനവ്യയവും കുറഞ്ഞ വരുമാനവും ഈ വര്‍ഷം സാമ്പത്തിക കമ്മി 6.8 ശതമാനമാനമാനമാക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. മുന്‍ വര്‍ഷം ഇത് 6.2 ശതമാനമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :