അതിവേഗ റെയില്‍‌പാതക്കായി കുടിയൊഴിക്കപ്പെടുന്നവര്‍ക്ക് പാക്കേജ്

തിരുവനന്തപുരം| WEBDUNIA|
PRO
അതിവേഗ റെയില്‍പാതക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തൃപ്തികരമായ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി സുതാര്യമായും ജനങ്ങളുടെ ആശങ്ക പരിഹരിച്ചും മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും കക്ഷി നേതാക്കളുടെ യോഗത്തില്‍ അദ്ദേഹം അറിയിച്ചു.

6306 കുടുംബങ്ങളെയാണ് പദ്ധതി കാര്യമായി ബാധിക്കുകയെന്നാണ് വിലയിരുത്തല്‍. അവര്‍ക്കായി മെച്ചപ്പെട്ട പാക്കേജ് നടപ്പാക്കും. പാതക്കായി തൂണ് സ്ഥാപിക്കുന്ന സ്ഥലം ഒഴികെയുള്ളവ ഉടമസ്ഥര്‍ക്ക് പുനരുപയോഗിക്കാനാകും.

20 മീറ്റര്‍ സ്ഥലം മാത്രമാണ് പാതക്കായി വേണ്ടിവരിക. അലൈന്‍മെന്‍റ് തീരുമാനിക്കുന്നതിനുള്ള മുന്‍കൂര്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചിലയിടങ്ങളില്‍ 110 മീറ്റര്‍ വീതിയില്‍ കല്ലിട്ടതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ എല്ലാ പാര്‍ട്ടിനേതാക്കള്‍ക്കും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കേരള ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

മൊത്തം ഒരുലക്ഷം കോടി ചെലവ് വരുന്നതാണ് പദ്ധതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പത്തുശതമാനം വീതം ഓഹരി പങ്കാളിത്തം ഉണ്ടാകും. പദ്ധതിക്കായി സാങ്കേതിക വൈദഗ്ദ്ധ്യം നല്‍കുന്ന രാജ്യത്തുനിന്ന് തന്നെ 80 ശതമാനം വായ്പ ലഭ്യമാക്കും.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 526 കിലോമീറ്റര്‍ ആണ് നിര്‍ദിഷ്ട അതിവേഗ റെയില്‍ പാതയുടെ നീളം. നിര്‍മാണം തുടങ്ങിയാല്‍ തിരുവനന്തപുരം-കൊച്ചി പാത അഞ്ചുവര്‍ഷം കൊണ്ടും കോഴിക്കോട് വരെ ആറുവര്‍ഷം കൊണ്ടും കാസര്‍കോട് ഏഴുവര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

മൊത്തം ദൂരത്തില്‍ 73 കിലോമീറ്റര്‍ പാത മാത്രമാണ് ഭൂമിയിലൂടെ പോവുക. 140 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയും 296 കിലോമീറ്റര്‍ മേല്‍പ്പാലമായുമാണ് പാത നിര്‍മിക്കുന്നത്. കൂടാതെ നദികള്‍ക്കും മറ്റും മുകളിലായി 17 കിലോമീറ്റര്‍ പാലം നിര്‍മിക്കേണ്ടതായും വരും.

350 കിലോമീറ്റര്‍ വേഗം ആര്‍ജിക്കാവുന്ന ട്രെയിനിന് എട്ട് കോച്ചുകള്‍ ഉണ്ടാവും. ആറിലും യാത്രക്കാര്‍ക്ക് കയറാം. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്താന്‍ 142 മിനിറ്റ് മതിയാകും. 53 മിനിറ്റുകൊണ്ട് കൊച്ചിയിലെത്തും. കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാവും രണ്ട് മിനിറ്റ് വീതം തീവണ്ടി നിര്‍ത്തുക. ടിക്കറ്റിനും മറ്റും യന്ത്രവത്കൃത സംവിധാനം ഉണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :