aparna shaji|
Last Modified തിങ്കള്‍, 6 ഫെബ്രുവരി 2017 (11:37 IST)
റിലയൻസ് ജിയോയുടെ സൗജന്യ മൊബൈൽ ഇന്റർനെറ്റ് (ഡേറ്റ) ഓഫർ മൂലം ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് ഫേസ്ബുക്ക് ആണ്. ഫെയ്സ്ബുക്കും വാട്സാപ്പും അടങ്ങുന്ന സമൂഹ മാധ്യമങ്ങളിൽ കൂടുതൽ നേരം ചെലവിടാനും അപ്‌ലോഡും ഡൗൺലോഡും ഇഷ്ടംപോലെ നടത്താനും സൗജന്യ ഡേറ്റ അവസരമൊരുക്കുന്നതായി ചില പഠന റിപ്പോർട്ടുകളിൽ പറയുന്നു.
റിലയൻസ് ജിയോയുടെ സൗജന്യ ഡേറ്റ ഓഫർ നേരിടാൻ മറ്റ് ടെലികോം കമ്പനികളും ഡേറ്റ നിരക്ക് കുറയ്ക്കുകയും സൗജന്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഓഫറുകൾ വന്നതോടെ ഇന്ത്യക്കാരുടെ ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമ ഉപയോഗം മുൻപത്തെക്കാൾ 467% കൂടിയെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.
ഫെയ്സ്ബുക്കിൽ 10 ലോഗിൻ നടന്നിരുന്ന സ്ഥാനത്ത്, ജിയോ വന്നതോടെ 57 ലോഗിൻ നടക്കുന്നു. വെറും അഞ്ചുമാസം കൊണ്ട് ഇതാണ് അവസ്ഥയെങ്കിൽ ഈ ഓഫർ അവസാനിക്കുന്നതുവരെ നേട്ടം കൂടുകയേ ഉള്ളുവെന്ന് വ്യക്തം. ഒക്ടോബർ–നവംബർ കാലയളവിൽ ഫെയ്സ്ബുക് നേടിയ 881 കോടി ഡോളർ വിറ്റുവരവിൽ 135 കോടിയാണ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളത്. ഇന്ത്യയിലെ വരിക്കാരുടെ എണ്ണം വർധിക്കുന്നത്ര വേഗത്തിൽ മറ്റൊരിടത്തും വർധനയില്ലെന്നു കമ്പനി പറഞ്ഞു.