വിപണി ഇടിവും പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളും

WEBDUNIA|

ഒക്‌ടോബര്‍ പതിനേഴ്‌ ബുധനാഴ്ച ഇന്ത്യയിലെ ഓഹരി വിപണിയുടെ ചരിത്രത്തില്‍ തന്നെ ഉണ്ടായ ഏറ്റവും വലിയ ഇടിവാണു സംഭവിച്ചത്‌. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കണക്കില്ലാതെ പണം നിക്ഷേപിച്ച്‌ നിയന്ത്രണം നടത്തുന്നു എന്ന ആരോപണം നിലനിന്നിരുന്നു.

ഈ സാഹചര്യം വച്ച് വിപണിയെ നിയന്ത്രിക്കുന്ന സെബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സെക്യൂരിറ്റീസ്‌ ആന്‍റ് എക്സ്ചേഞ്ച്‌ ബ്യൂറോ ഓഫ്‌ ഇന്ത്യ ഇത്തരത്തില്‍ പണം നിക്ഷേപിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ്‌ വിപണിയില്‍ വന്‍ തോതിലുള്ള ഇടിവുണ്ടായത്‌.

മുംബൈ ഓഹരി വിപണി സൂചിക സെന്‍സ്ക്സ്‌ ബുധനാഴ്ച രാവിലെ 1,700 ഓളം പോയിന്‍റുകളാണ്‌ താഴേക്ക്‌ മൂക്കുകുത്തിയത്‌. ആഭ്യന്തര ഓഹരി വിപണിയിലെ നഷ്ടങ്ങളില്‍ ഏറ്റവും വലുതാണിത്‌. ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 500 ഓളം പോയിന്റുകള്‍ താഴേക്കു പോയി.

എന്നാല്‍ വിപണിയില്‍ പണം നിക്ഷേപിക്കുന്നതിന്‌ സെബി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി എടുക്കാന്‍ നിശ്ചയിച്ച പ്രധാന ഇനം പി.എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ക്ക്‌ നിയന്ത്രണം കൊണ്ടുവരിക എന്നതാണ്‌.

വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നതിന്‌ ഉപയോഗിക്കുന്ന നിക്ഷേപ ഉപാധിയാണ്‌ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ നിഫ്റ്റി പോലുളള ഡെറിവേറ്റീവ്‌സില്‍ വ്യാപാരം നടത്തുന്നതിന്‌ പി. എന്‍. നല്‍കരുതെന്നാണ്‌ സെബി പറഞ്ഞിട്ടുള്ളത്‌. ഒക്‍ടോബര്‍ അവസാനത്തോടെ ഈ നിയന്ത്രണം കൊണ്ടു വരാനായിരുന്നു സെബിയുടെ ആലോചന.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളിലൂടെ രാജ്യത്തെ ഓഹരി വിപണിയില്‍ പണം മുടക്കുന്ന വിദേശ നിക്ഷേപകര്‍ക്ക്‌ ലഭിക്കുന്ന സംവിധാനമാണ്‌ പി. എന്‍.

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഏജന്‍സിയായ സെബിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത വിദേശ സ്ഥാപനങ്ങളാണ്‌ പി. എന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നത്‌. ഇതാണിപ്പോള്‍ വന്‍ ഇടിവിനു കാരണമായതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :