WEBDUNIA|
Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2007 (16:54 IST)
സ്വര്‍ണ്ണ വില അടുത്തിടെ ഒരുവിധം താണിരുന്നെങ്കിലും പഞ്ഞ മാസമായ കര്‍ക്കിടകം പോയപ്പോള്‍ വീണ്ടും വര്‍ദ്ധിച്ചു. ചിങ്ങം വന്നതോടെ വിവാഹ സീസണുമായി സ്വര്‍ണ്ണ വില ഉയരുകയും ചെയ്തു. എന്നാല്‍ ആഗോള തലത്തിലെ സ്വര്‍ണ്ണ വില ഇത്രത്തോളം ഉയര്‍ന്നത് അവിചാരിതമായാണെന്ന് പറയുന്നു.
ആഗോള ക്രൂഡോയില്‍ വില ഗണ്യമായ തോതില്‍ കയറിയതാണ് സ്വര്‍ണ്ണ വിലയിലും ഗണ്യമായ ഉയര്‍ച്ച ഉണ്ടായതെന്ന് ധനകാര്യ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ഇരുപത്തെട്ട് വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന റിക്കോഡിലേക്കാണ് സ്വര്‍ണ്ണ വില കുതിച്ചുകയറിയിരിക്കുന്നത് - പത്ത് ഗ്രാമിന് 9,595 രൂപാ.
കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണ്ണവില 9,515 രൂപയില്‍ ക്ലോസ് ചെയ്യുകയായിരുന്നു.
സെപ്തംബര്‍ - ഒക്‍ടോബര്‍ മാസങ്ങളില്‍ സാധാരണ രീതിയില്‍ ഇന്ത്യയിലെ നിലവാരം അനുസരിച്ച് സ്വര്‍ണ്ണത്തിന്‍റെ ആവശ്യം കുറവായിരിക്കും. എങ്കിലും ആഗോള വിപണിയിലെ സ്വര്‍ണ്ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും ഇതിന്‍റെ വില ഉയരാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
വെള്ളിയാഴ്ച വിപണിയില്‍ പത്ത് ഗ്രാം ശുദ്ധ (സ്റ്റാന്‍ഡേര്‍ഡ്) സ്വര്‍ണ്ണത്തിന്‍റെ വില 75 രൂപാ വര്‍ദ്ധിച്ച് 9,595 രൂപയായി. അതേ സമയം എട്ട് ഗ്രാം (ഒരു പവന്‍) സ്വര്‍ണ്ണത്തിന് 7,800 രൂപയായും വില ഉയര്‍ന്നു.
സ്വര്‍ണ്ണ വിലപോലെ തന്നെ വെള്ളി വിലയും ഉയരത്തിലെത്തി. വെള്ളി വില കിലോയ്ക്ക് 160 രൂപാ വര്‍ദ്ധിച്ച് 18,100 രൂപയായി. ഈ ആഴ്ച മൊത്തത്തില്‍ ഒരു കിലോ വെള്ളിക്ക് 205 രൂപയാണ് വര്‍ദ്ധിച്ചത്. വെള്ളി നാണയത്തിന്‍റെ വിലയാവട്ടെ ഒരു കിലോയ്ക്ക് 100 രൂപാ വര്‍ദ്ധിച്ച് 24,100 രൂപയായി ഉയര്‍ന്നു.
ക്രൂഡോയില്‍ വില ഉയരുന്തോറും സ്വര്‍ണ്ണ വില ഉയരുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍.