വിദേശനിക്ഷേപം സ്വീകരിക്കാന്‍ സമിതി

WEBDUNIA| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2007 (10:52 IST)

ആഭ്യന്തര ഓഹരി വിപണിയില്‍ നിക്ഷേപം സ്വീകരിക്കാനായി പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ സെബി തയാറെടുക്കുന്നു. സെബി ചെയര്‍മാന്‍ എം.ദാമോദരനാണ്‌ ഇത്‌ സംബന്ധിച്ച്‌ വെളിപ്പെടുത്തിയത്‌.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ ഉപയോഗിച്ച്‌ ഓഹരി കച്ചവടം നിയന്ത്രിക്കുന്നത്‌ സംബന്ധിച്ച യോഗത്തിനു ശേഷമാണ്‌ അദ്ദേഹം ഇത്‌ പറഞ്ഞത്‌.

പി നോട്ടുകള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ക്കെതിരായി കൈക്കൊണ്ടുവരുന്ന നീക്കങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്നും ദാമോദരന്‍ വ്യക്തമാക്കി.

പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളിലൂടെയുള്ള വിദേശ മൂലധനത്തിന്‍റെ ഒഴുക്ക്‌ 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോട്‌ അനുബന്ധിച്ച്‌ ഡെറിവേറ്റീവ്‌ മാര്‍ക്കറ്റില്‍ 18 മാസക്കാലംകൊണ്ട്‌ പി-നോട്ടുകള്‍ പൂര്‍ണമായി ഇല്ലാതാക്കും. സ്പോട്ട്‌ മാര്‍ക്കറ്റില്‍ പി- നോട്ട്‌ വ്യാപാരത്തിനു കടിഞ്ഞാണിടാനുള്ള തീരുമാനവും ബോര്‍ഡ്‌ യോഗം അംഗീകരിച്ചതായി ചെയര്‍മാന്‍ പറഞ്ഞു. പുതിയ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും.

മൂലധന നിക്ഷേപം സംബന്ധിച്ച്‌ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വഴി എത്തുന്ന നിക്ഷേപങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഓഹരി വിപണിയില്‍ സെബി വിവിധ സമിതികള്‍ രൂപീകരിക്കും. പി-നോട്ടുകളില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ ഓരോ ഘട്ടത്തിലും ഇതിന്‍റെ പ്രതിഫലനവും വ്യക്തമായി നിരീക്ഷിക്കുന്നതാണ്‌.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വഴി കടന്നുവരുന്ന ഓരോ ഡോളറിനും വ്യക്തമായ രേഖകളുണ്ടാക്കുമെന്ന തീരുമാനത്തിന്‌ മാറ്റമൊന്നുമില്ലെന്നാണ് ദാമോദരന്‍ പറയുന്നത്.

ആഭ്യന്തര ഓഹരി വിപണി നിക്ഷേപത്തിനുള്ള പി- നോട്ടുകള്‍ അനുവദിച്ച്‌, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഏജന്‍റുമാരായി പ്രവര്‍ത്തിച്ചിരുന്ന ഇരുപതോളം സബ്‌ അക്കൗണ്ടുകള്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്ത്‌ പൂര്‍ണമായും എഫ്‌ഐഐയായി മാറാനുള്ള സന്നദ്ധത നേരത്തെതന്നെ സെബിയെ അറിയിച്ചിരുന്നു.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ അനുവദിക്കുന്ന സബ്‌ അക്കൗണ്ടുകള്‍ എഫ്‌ഐഐയായി പരിവര്‍ത്തനം ചെയ്യാന്‍ 24 മണിക്കൂറിനകം സെബിയുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു നീക്കമുണ്ടായത്‌. ഇതോടെ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ അനുവദിക്കുന്ന 34 സ്ഥാപനങ്ങളില്‍ മിക്കതും രജിസ്റ്റര്‍ ചെയ്തവയായി മാറും. അതിനു തയാറില്ലത്തവരോട്‌ വ്യാപാരം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇതിനൊപ്പം യോഗത്തിലെ മറ്റൊരു സുപ്രധാന തീരുമാനം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വഴി പി- നോട്ടുകളിലുള്ള ആസ്തികള്‍ 2007 സെപ്റ്റംബര്‍ 30 സൂചികാ തിയതിയായി എടുത്തുകൊണ്ട്‌ കണക്കാക്കാനും ബോര്‍ഡ്‌ യോഗം തീരുമാനിച്ചു എന്നതാണ്‌.

മറ്റൊരു പ്രധാന തീരുമാനം 2004- ലെ വിദേശ ധനകാര്യസ്ഥാപന നിയന്ത്രണ നിയമ പ്രകാരം അനുവദിക്കുന്ന മേഖലകളില്‍ മാത്രമാവും ഇനിമുതല്‍ പി- നോട്ടുകള്‍ ഇഷ്യു ചെയ്യുക എന്നതാണ്‌.

പെന്‍ഷന്‍ ഫണ്ടുകള്‍, ഫൗണ്ടേഷനുകള്‍, യൂണിവേഴ്സിറ്റി ഫണ്ടുകള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവയ്ക്ക്‌ ഇപ്പോള്‍ മുതല്‍ വിദേശ ധനകാര്യസ്ഥാപനങ്ങളായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.

ഇതു കൂടാതെ ചെറുകിട- ഇടത്തരം വ്യാപാരസ്ഥാപനങ്ങള്‍ക്ക്‌ പ്രത്യേകമായി എക്സ്ചേഞ്ച്‌ സ്ഥാപിക്കാനുള്ള പദ്ധതിയും സെബി ബോര്‍ഡ്‌ മുന്നോട്ടുവച്ചിട്ടുണ്ട്‌ എന്നതാണു മറ്റൊരു പ്രധാ‍ന വിഷയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :