BIJU|
Last Modified വ്യാഴം, 1 ജൂണ്‍ 2017 (20:25 IST)
സര്‍ക്കാരുകള്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ് ജി എസ് ടി അഥവാ ചരക്കുസേവന നികുതി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം. ചരക്കുസേവന നികുതിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് രാജ്യം ഒരു ഒറ്റ കമ്പോളമായി മാറും എന്നതാണ്. നികുതിയും നികുതിക്കു മേല്‍ നികുതിയും എന്ന നിലവിലെ രീതി മാറി ഒരൊറ്റ നികുതി എന്ന സമ്പ്രദായത്തിലേക്കാണ് മാറ്റം.
ഇങ്ങനെയൊരു മാറ്റം വരുന്നതോടെ പൊതുജനങ്ങള്‍ക്ക് നികുതിഭാരം കുറയും. മാത്രമല്ല, രാജ്യത്ത് ഏതു സംസ്ഥാനത്തും ഒരേ നിരക്കിലുള്ള നികുതിയായിരിക്കും. അതുകൊണ്ടു തന്നെ അന്തര്‍സംസ്ഥാന കള്ളക്കടത്തുകളെ നിയന്ത്രിക്കാനും ഇതുവഴി കഴിയും.
ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കാണ് ജി എസ് ടി ബില്‍ ഏറ്റവും കൂടുതല്‍ ഗുണകരമാകുക. അതുകൊണ്ടു തന്നെ ജി എസ് ടി ബില്‍ ഏറ്റവും ഗുണപ്രദമാകുന്ന സംസ്ഥാനം കേരളമാണ്. കാരണം, രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉപഭോക്തൃസംസ്ഥാനമാണ് കേരളമെന്നത് തന്നെ. സംസ്ഥാനത്ത് വിറ്റഴിക്കുന്ന മൊത്തം ഉല്പന്നങ്ങളില്‍ ഏതാണ്ട് 75 ശതമാനവും പുറമേ നിന്നെത്തുന്നവയാണ്.
നിലവിലുള്ള സങ്കീര്‍ണമായ നികുതി സമ്പ്രദായത്തില്‍ നിന്ന് ജി എസ് ടി എന്ന ഒരൊറ്റ നികുതിയിലേക്ക് മാറുന്നതോടെ ഉല്പന്നങ്ങളുടെ വില കുറയുന്നത് സാധാരണക്കാര്‍ക്ക് ഗുണകരമാകും. നിലവില്‍ സെന്‍ട്രല്‍ എക്സൈസ് തീരുവ, സെസ്, സെന്‍ട്രല്‍ സെയില്‍സ് ടാക്സ്, വാറ്റ് എന്നിവയായി ഉല്പന്നങ്ങള്‍ക്ക് ഉല്പാദന ചെലവിന്റെ മേല്‍ 35 - 40 ശതമാനം വരെ ഇപ്പോള്‍ നമ്മള്‍ നികുതി നല്കുന്നുണ്ട്. ജി എസ് ടി നിരക്ക് നിശ്ചയിച്ചിട്ടില്ലെങ്കിലും ശരാശരി നിരക്ക് 18-20 ശതമാനമായിരിക്കും എന്നാണ് നിഗമനം. നികുതിയില്‍ ഉണ്ടാകുന്ന ഈ കുറവ് ഉല്പന്നങ്ങളുടെ വില കുറയാനും കാരണമാകും.
കയറ്റുമതിക്കാര്‍ക്കും ജി എസ് ടി നേട്ടമാകും. നികുതിഘടനയിലെ സങ്കീര്‍ണതകള്‍ ഒഴിവാകുന്നത് കയറ്റുമതി മേഖലയ്ക്കും ഗുണകരമാകും. ഉല്പന്നങ്ങളുടെ നികുതിഭാരം കുറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കും സഹായകമാകും. ഉല്പന്നങ്ങള്‍ പലതിനും വില കുറയുമെങ്കിലും ജി എസ് ടി വരുമ്പോള്‍ സേവനങ്ങള്‍ക്ക് ചെലവ് കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സേവന നികുതി ഉയരുമെന്നതാണ്
ഇതിന് കാരണം. നിലവിലുള്ള 15 ശതമാനത്തില്‍ നിന്ന് സേവനനികുതി 18 ശതമാനമായി ഉയര്‍ന്നേക്കും.