എസ്ബിഐ ഉപബാങ്ക് ലയനവും പ്രശ്നങ്ങളും

State Bank group logo
FILEFILE
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്‌ എന്ന ഖ്യാതിയുള്ള സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഏഴ്‌ ഉപബാങ്കുകളുടെ ലയനം രണ്ട്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന്‌ റിപ്പോര്‍ട്ട്‌. അതോടൊപ്പം ലയനത്തിനു മുന്നോടിയായി ചില പ്രശ്നങ്ങളും തരണം ചെയ്യേണ്ടതുണ്ട്.

സ്റ്റേറ്റ്‌ ബാങ്ക്‌ ഉപഗ്രൂപ്പുകളുടെ ലയനം 2009 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നാണ്‌ നിലവിലെ സൂചനകള്‍. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ സൗരാഷ്ട്ര എസ്ബിഐയില്‍ ലയിക്കാന്‍ തീരുമാനിച്ചതോടെയാണ്‌ ഉപബാങ്കുകളുടെ ലയന പ്രകിയയ്ക്കു തുടക്കമായത്‌.

അതേ സമയം എസ്ബിഐയും ബാങ്ക്‌ ഓഫ്‌ സൗരാഷ്ട്രയും തമ്മിലുള്ള ലയനത്തിന്‌ റിസര്‍വ്‌ ബാങ്കിന്‍റെ അനുമതി ഇതുവരെ ലഭ്യമായിട്ടില്ല താനും.

ഈ അനുമതി അത്യാവശ്യമായി ലഭിക്കേണ്ടതുണ്ട്‌. ഈ വര്‍ഷം അവസാനത്തോടെ റിസര്‍വ്‌ ബാങ്കിന്‍റെ അനുമതി ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.

എന്നാല്‍ ലയന പ്രക്രിയ ഒരു എളുപ്പമുള്ള കാര്യമല്ലെന്നാണ്‌ ധനകാര്യ വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്‌. ഉപബാങ്കുകളുടെ ലയനത്തോടെ വന്‍ അഴിച്ചുപണി വേണ്ടിവരും. ഉപബാങ്കുകളിലെ ജീവനക്കാരുടെ വേതനം, പെന്‍ഷന്‍ എന്നിവ എസ്ബിഐയുടെ ബാധ്യതയാകും എന്നതും വലിയൊരു പ്രശ്‌നമാവും.

എന്നാല്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ സൗരാഷ്ട്രയിലേയും എസ്‌.ബി.ഐ യിലെയും തൊഴിലാളി യൂണിയനുകളും ലയനത്തിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌. അതേ സമയം ചില ഉപബാങ്കുകളിലെ ജീവനക്കാര്‍ ലയനത്തെ എതിര്‍ക്കുകയാണ്‌.

ആറ്‌ ഉപബാങ്കുകളിലെ ജീവനക്കാരുടെ സംയുക്തയൂണിയനായ സ്റ്റേറ്റ്‌ സെക്ടര്‍ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ ലയനത്തെ എതിര്‍ക്കുകയാണ്‌. ഇതിന്‍റെ മുന്നോടിയായി ഈ മാസം 27-ന്‌ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ബാങ്കുകളുടെ ലയനം പ്രാവര്‍ത്തികം ആകുമ്പോള്‍ ജീവനക്കാരുടെ സീനിയോറിറ്റിയും ഒരു പ്രശ്നമാവും. ഇതോടൊപ്പം ജീവനക്കാരുടെ പ്രമോഷന്‍ പ്രധാന പ്രശ്നമാവും. ഉപബാങ്കുകളില്‍ എസ്ബിഐയിലെ പ്രമോഷനെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ പെട്ടെന്ന്‌ പ്രമോഷന്‍ ലഭിക്കുന്നുണ്ട്‌.

മറ്റൊരു പ്രധാന പ്രശ്നം ലയനം നടന്നാല്‍ ചില ശാഖകള്‍ അടച്ചുപൂട്ടാനും ഇടയുണ്ട്‌. അതുവഴി ജീവനക്കാരുടെ സ്ഥലം മാറ്റത്തിനും കാരണമായേക്കും.

അതേസ്‌ അമയം എസ്ബിഐയ്ക്ക്‌ 100 ശതമാനം ഓഹരിപങ്കാളിത്തമുള്ള സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഹൈദരാബാദ്‌, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ പാട്യാല, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ സൗരാഷ്ട്ര എന്നീ ബാങ്കുകളുമായുള്ള ലയനത്തിന്‌ തടസങ്ങളില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ഓഹരി വിപണികളില്‍ ലിസ്റ്റ്‌ ചെയ്തിട്ടുള്ള ഉപബാങ്കുകളുടെ ലയനത്തിന്‌ ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്‌ എന്നതാവും മറ്റൊരു പ്രശ്നം.

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ബിക്കാനീര്‍ ആന്‍റ് ജയ്പൂര്‍, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍ എന്നിവയില്‍ എസ്ബിഐയ്ക്ക്‌ ഭൂരിപക്ഷം ഓഹരികളുണ്ട്‌. ഈ ബാങ്കുകള്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്തിട്ടുള്ളവയാണ്‌.
WEBDUNIA| Last Modified വ്യാഴം, 20 സെപ്‌റ്റംബര്‍ 2007 (12:00 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :