കാറോട്ട ഇതിഹാസതാരം മൈക്കല്‍ ഷൂമാക്കറിന്റേത് സ്വാഭാവിക അപകടമാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. യാതൊരു തരത്തിലുള്ള സുരക്ഷാ വീഴ്ചയോ അസ്വാഭാവികതയോ ഷൂമാക്കറുടെ അപകടത്തില്‍ സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തലവന്‍ പാട്രിക് ക്വിന്‍സി വ്യക്തമാക്കി.
ദക്ഷിണ ഫ്രാന്‍സിലെ ഗ്രനേബിള്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ 50 ദിവസമായി കൃത്രിമ കോമയില്‍ കഴിയുകയാണ് ഇപ്പോള്‍ ഷൂമി. കഴിഞ്ഞ ഡിസംബര്‍ 29ന് ആല്‍പ്സ് താഴ്‌വരയിലെ മെറിബന്‍ റിസോര്‍ട്ടില്‍ മകനോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് ഷൂമിക്ക് അപകടം സംഭവിച്ചത്.
സ്കീയിംഗ് സമയത്ത് ഷൂമി ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും വീഴ്ച്ചയുടെ ആഘാതത്തില്‍ പാറയില്‍ ഇടിച്ച് ഹെല്‍മറ്റ് തകരുകയും തലച്ചോറിന് ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു. അപകടത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും സുരക്ഷാ സാമഗ്രികളുടെ അഭാവമല്ല അപകടകാരണമെന്നും അന്വേഷണ സംഘം സൂചിപ്പിക്കുന്നു.