പരസ്ത്രീ ബന്ധവും ലൈംഗികാരോപണങ്ങളുമെല്ലാം ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിന്‍റെ വിലയിടിച്ചുവെന്ന് കരുതുന്നെങ്കില്‍ തെറ്റി. വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വുഡ്സിനെ പരസ്യത്തില്‍ അഭിനയിപ്പിക്കാന്‍ ഇപ്പോള്‍ താല്പര്യമില്ലെങ്കിലും ബിസിനസ് മാഗസിനായ ഫോര്‍ബ്സിന്‍റെ പട്ടികയില്‍ കായിക ബ്രാന്‍ഡില്‍ വുഡ്സ് തന്നെയാണ് ഒന്നാമന്‍. മാഗസിന്‍റെ ‘ഫാബ് 40’ എന്ന രണ്ടാമത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വുഡ്സ് ഒന്നാമതെത്തിയത്.
82 മില്യന്‍ ഡോളറാണ് വുഡ്സിന്‍റെ വില. നൈക്ക്, ഗില്ലറ്റ് എന്നിവയുടെ പരസ്യങ്ങളില്‍ തുടരുന്നതാണ് വുഡ്സിനെ ഇപ്പോഴും കായിക ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നതെന്നാണ് മാഗസിന്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറിലാണ് വുഡ്സിന്‍റെ പരസ്ത്രീ ബന്ധം സംബന്ധിച്ച കഥകള്‍ പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് നിരവധി കമ്പനികള്‍ വുഡ്സുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു.
പട്ടികയിലുള്ള അടുത്ത അഞ്ച് കായിക താരങ്ങളുടെ മൊത്തം മൂല്യത്തേക്കാള്‍ ഉയര്‍ന്നതാണ് വുഡ്സിന്‍റെ പ്രതിഫലം. ഇംഗ്ലണ്ട് ഫുറ്റ്ബോള്‍ താരം ഡേവിഡ് ബെക്കാം (20 മില്യന്‍ ഡോളര്‍), ടെന്നീസ് താരം റോജര്‍ ഫെഡറര്‍ (16 മില്യന്‍ ഡോളര്‍), ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഡെയ്‌ല്‍ ഏണ്‍ ഹാര്‍ട്ട് ( 14 മില്യന്‍ ഡോളര്‍), ബാസ്കറ്റ് ബോള്‍ താരങ്ങളായ ലിബ്രോണ്‍ ജയിംസ് (13 മില്യന്‍ ഡോളര്‍), കോബി ബ്രിയാന്‍റ് (12 മില്യന്‍ ഡോളര്‍) എന്നിവരാണ് വുഡ്സിന് തൊട്ടുപിന്നാലെയുള്ളത്.
ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ് പട്ടികയില്‍ ഏറ്റവും മൂല്യമുള്ള ടീം. 270 മില്യന്‍ ഡോളറാണ് ടീമിന്‍റെ പ്രതിഫലം. കായിക മത്സരങ്ങളില്‍ ഏറ്റവും മൂല്യമുള്ളത് നാഷണല്‍ ഫുട്ബോള്‍ ലീഗിന്‍റെ ബൌള്‍ ചാമ്പ്യന്‍ഷിപ്പ് 420 മില്യന്‍ ഡോളര്‍ മൂല്യത്തോടെ പട്ടികയില്‍ ഒന്നാമതെത്തി. ഒളിമ്പിക് ഗെയിംസ് (230 മില്യന്‍ ഡോളര്‍) രണ്ടാം സ്ഥാനത്തും ഫിഫ ലോകകപ്പ് (120 മില്യന്‍ ഡോളര്‍) മൂന്നാം സ്ഥാനത്തുമാണ്.