വിജേന്ദറിനെതിരെ പഞ്ചാബ് പൊലീസ്; നാഡ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ല
പട്യാല|
WEBDUNIA|
Last Modified ബുധന്‍, 17 ഏപ്രില്‍ 2013 (13:08 IST)
PRO
ബോക്‌സിംഗ് താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ് മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലിനെതിരെ പഞ്ചാബ് പൊലീസ് രംഗത്ത്. ദേശീയ ഉത്തേജക മരുന്നു വിരുദ്ധ സമിതി (നാഡ) നടത്തിയ പരിശോധനയിലാണു വിജേന്ദര്‍ മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നു തെളിഞ്ഞത്.
വിജേന്ദറിന്റെ രക്‌തവും മൂത്ര സാമ്പിളുകളും പരിശോധിച്ചതില്‍ നിന്ന് അടുത്തിടെയൊന്നും അദ്ദേഹം മയക്കു മരുന്ന് ഉപയോഗിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു കേന്ദ്ര കായിക, യുവജനകാര്യ മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്‌തമാക്കി.
എന്നാല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പഞ്ചാബ് പൊലീസ്. വിജേന്ദറിന്റെ രക്ത, മൂത്രസാമ്പിളുകളാണ് പൊലീസ് പരിശോധിച്ചതെന്നും ഹെറോയിന്‍ ഉപയോഗിച്ചത് പരിശോധിക്കാന്‍ നഖ, മുടി പരിശോധനയാണ് നടത്തേണ്ടതെന്നും പൊലീസ് പറയുന്നു.
രക്‌തവും മൂത്ര സാമ്പിളുകളും പരിശോധിച്ചാല്‍ പരമാവധി മൂന്നു മാസം മുന്‍പ് വരെ മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിലേ കണ്ടെത്താനാകു. തലമുടി പരിശോധിച്ചാല്‍ കാലപ്പഴക്കം പ്രതിബന്ധമാകില്ല.
വിദേശ വ്യവസായിയുടെ വസതിയില്‍നിന്നു 130 കോടി രൂപ വിലമതിക്കുന്ന 26 കിലോ ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. ഈ വസതിക്കു മുന്നില്‍ പാര്‍ക്ക് ചെയ്‌തിരുന്ന വിജേന്ദറിന്റെ ഭാര്യ അര്‍ചനയുടെ പേരിലുള്ള കാറില്‍നിന്നും ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു.
കാനഡയിലുള്ള അനൂപ് സിംഗ് കാഹ്‌ലോണ്‍ എന്ന മയക്കുമരുന്നു വ്യാപാരിയില്‍നിന്നു വിജേന്ദര്‍ പലപ്പോഴായി ഹെറോയിന്‍ വാങ്ങിയിട്ടുണ്ടെന്നു പഞ്ചാബ് പോലീസ് വെളിപ്പെടുത്തിയിരുന്നു.