വിംബിള്‍ഡണ്‍ ടെന്നീസ്: സെറീനയും നാ ലീയും മൂന്നാം റൌണ്ടില്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
വിംബിള്‍ഡണ്‍ ടെന്നീസില്‍ വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സെറീന വില്യംസും ആറാം സീഡ് ചൈനയുടെ നാ ലീയും മൂന്നാം റൗണ്ടില്‍. വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ മുന്‍നിര താരങ്ങളായ റോജര്‍ ഫെഡറര്‍, മരിയ ഷെറപ്പോവ, വിക്ടോറിയ അസാരങ്കെ തുടങ്ങിയ പ്രമുഖര്‍ പുറത്തായിരുന്നു.

വിംബിള്‍ഡണിലെ തന്റെ ആറാം കിരീടംതേടി ഇറങ്ങിയ നിലവിലെ ചാമ്പ്യന്‍ സെറീന, ഫ്രാന്‍സിന്റെ യുവതാരം കരോളിന്‍ ഗാര്‍സിയയ്‌ക്കെതിരെ രണ്ടാം റൗണ്ടില്‍ അനായാസ ജയംനേടി (6-3, 6-2). തുടര്‍ച്ചയായ 33-ാം മത്സരജയം 33 മിനിറ്റുകൊണ്ടാണ് സെറീന പൂര്‍ത്തിയാക്കിയത്.

ജപ്പാന്റെ 42-കാരിയായ വെറ്ററന്‍ താരം കിമികോ ഡാറ്റെ ക്രം ആണ് സെറീനയുടെ അടുത്ത റൗണ്ടിലെ എതിരാളി. 17 വര്‍ഷം മുമ്പ് വിംബിള്‍ഡണിന്റെ സെമിയിലെത്തി വിസ്മയം സൃഷ്ടിച്ച കിമികോ ഡാറ്റെ തിരിച്ചുവരവിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ റുമേനിയയുടെ അലക്‌സാന്‍ഡ്ര കാഡന്‍റുവിനെയാണ് തോല്‍പ്പിച്ചത് (6-4, 7-5).

നാ ലീ മൂന്നുസെറ്റ് പോരാട്ടത്തില്‍ റുമേനിയയുടെ 32-ാം സീഡ് സിമോണ ഹാലെപ്പിനെയാണ് മറികടന്നത്(6-2, 1-6, 6-0). 14-ാം സീഡ് ഓസ്‌ട്രേലിയയുടെ സാമന്ത സോസര്‍, 18-ാം സീഡ് സ്ലൊവാക്യയുടെ ഡൊമിനിക്ക സിബുലുക്കോവ, 23-ാം സീഡ് ജര്‍മനിയുടെ സബൈന്‍ ലിസിക്കി, 32-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ക്ലാര സക്കോപലോവ, ക്രൊയേഷ്യയുടെ പെഡ്ര മാഡ്രിക്, അമേരിക്കയുടെ സീഡുചെയ്യപ്പെടാത്ത താരം മാഡിസണ്‍ കെയ്‌സ് എന്നിവരും മൂന്നാം റൗണ്ടിലെത്തി.

പുരുഷവിഭാഗത്തില്‍ 7-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് രണ്ടാം റൗണ്ടില്‍ ജര്‍മന്‍ താരം ഡാനിയേല്‍ ബ്രാന്‍ഡ്‌സിനെ കീഴടക്കി (7-6, 6-4, 6-2). എട്ടാം സീഡ് അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പൊഡ്രോ, 12-ാം സീഡ് ജപ്പാന്റെ കെയി നിഷിക്കോരി, 23-ാം സീഡ് ഇറ്റലിയുടെ ആന്ദ്രെ സെപ്പി, 27-ാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍, ഓസ്‌ട്രേലിയയുടെ സീഡ് ചെയ്യപ്പെടാത്ത താരം ബെര്‍നാഡ് ടോമിച്ച് എന്നിവരും മൂന്നാം റൗണ്ട് പോരാട്ടത്തിന് അര്‍ഹതനേടി.

വനിതാവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-ലിസെല്‍ ഹുബര്‍ സഖ്യം രണ്ടാം റൗണ്ടിലെത്തി. മൂന്നുസെറ്റ് പോരാട്ടത്തില്‍ റെനാറ്റ വൊറക്കോവ-ക്ലാര സക്കോപലോവ ജോഡിയെയാണ് സാനിയ സഖ്യം കീഴടക്കിയത് (6-3, 3-6, 6-1).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :