ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് ഹീറോ റോബിന്‍ വാന്‍പേഴ്‌സിയുടെ കാല്‍മുട്ടിനേറ്റ പരുക്ക് ഗുരുതരം. ഹോളണ്ട് സ്‌ട്രൈക്കര്‍ക്ക് ഡോക്ടര്‍മാര്‍ ആറാഴ്ച വിശ്രമം വിധിച്ചത് മാഞ്ചസ്റ്ററിന്റെ പ്രീമിയര്‍ ലീഗിലെയും ചാമ്പ്യന്‍സ് ലീഗിലെയും പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി.
ബുധനാഴ്ച ചാമ്പ്യസ് ലീഗിന്റെ രണ്ടാംപാദത്തില്‍ ഗ്രീക്ക് ചാമ്പ്യന്മാരായ ഒളിമ്പ്യാക്കോസിനെതിരെ ഹാട്രിക് നേടി വാന്‍പേഴ്‌സി ടീമിനെ ക്വാര്‍ട്ടറിലെത്തിച്ചിരുന്നു. ഈ മത്സരത്തിനിടെയാണ് 30-കാരനായ വാന്‍പേഴ്‌സിക്ക് കാല്‍മുട്ടിന് പരിക്കേറ്റത്.
ഇതോടെ ഏപ്രില്‍ ഒന്നിനും ഒമ്പതിനും ബയറണ്‍ മ്യൂണിക്കുമായി നടക്കാനിരിക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വാന്‍പേഴ്‌സിക്ക് കളത്തിലിറങ്ങാനാവില്ല. കൂടാതെ പ്രീമിയര്‍ ലീഗില്‍ അടുത്ത ചാമ്പ്യന്‍സ് ലീഗ് ടിക്കറ്റ് ഉറപ്പിക്കാനുള്ള മാഞ്ചസ്റ്ററിന്റെ നിര്‍ണായക മത്സരങ്ങളിലും വാന്‍പേഴ്‌സിയുടെ അഭാവം ടീമിന് കനത്ത നഷ്ടമാവും.