തീരുമാനം മറഡോണയ്ക്ക് വിട്ടു

ബ്യൂണസ് അയേഴ്സ്| WEBDUNIA| Last Modified ചൊവ്വ, 21 ജൂലൈ 2009 (15:56 IST)
സെപ്റ്റംബറില്‍ ബ്രസീലിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം റിവര്‍പ്ലേറ്റില്‍ നിന്ന് മാറ്റണമോ എന്ന കാര്യത്തില്‍ അര്‍ജന്‍റീന ഫുട്ബോള്‍ കോച്ച് ഡീഗോ തീരുമാനമെടുക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണില്‍ കൊളംബിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം റിവര്‍പ്ലേറ്റിലെ മൈതാനത്തിന്‍റെ നിലവാരത്തെക്കുറിച്ച് മറഡോണ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കുറച്ചു കൂടി സൌകര്യങ്ങളുള്ള റൊസാരിയൊ സെന്‍‌ട്രല്‍ സ്റ്റേഡിയത്തിലേക്ക് മത്സരങ്ങള്‍ മാറ്റണമെന്നും മറഡോണ ആവശ്യപ്പെട്ടിരുന്നു. റൊസാരിയോ സ്റ്റേഡിയം യോഗ്യതാ മത്സരം നടത്താന്‍ പര്യാപ്തമാണെന്ന് ഫിഫ അറിയിച്ചതായി അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍(എ എഫ് എ) അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നാഷണല്‍ ടെക്നിക്കല്‍ ഡയറക്ടര്‍ കാര്‍ളോസ് ബിലാര്‍ഡോയും മറഡോണയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് ഫെഡറേഷന്‍ വെബ്‌സൈറ്റില്‍ അറിയിച്ചു.

ബ്യൂണസ് അയേഴ്സില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള റൊസാരിയോ സ്റ്റേഡിയത്തില്‍ റിവര്‍പ്ലേറ്റിലേതു പോലെ അത്‌ലറ്റിക് ട്രാക്ക് ഇല്ലാത്തതിനാല്‍ കാണികള്‍ക്ക് മത്സരം കുറച്ചുകൂടി അടുത്ത് നിന്ന് വീക്ഷിക്കാനാവും. റിവര്‍പ്ലേറ്റില്‍ കളിക്കാതിരിക്കുന്നതിന് മറ്റൊരു അന്ധവിശ്വാസം കൂടിയുണ്ടെന്നതാണ് തമാശ.

ബ്രസീലിനെതിരായ മത്സരം നടക്കുന്ന സെപ്റ്റംബര്‍ അഞ്ചിനു തന്നെയാണ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റിവര്‍പ്ലേറ്റില്‍ വെച്ച് കൊളംബിയയോടേറ്റ നാണം കെട്ട തോല്‍വി(5-0)യുടെ പതിനാറാം വാര്‍ഷികവും. നിലവില്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നാലാമതാണ് അര്‍ജന്‍റീന. അഞ്ച് പോയിന്‍റ് അധികമുള്ള ബ്രസീലാണ് ഗ്രൂപ്പില്‍ തലപ്പത്ത്.

ബ്രസീലിനെതിരായ മത്സരത്തിനുശേഷം മുന്ന് ദിവസത്തിനുള്ളില്‍ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ പരാഗ്വേയെയും അര്‍ജന്‍റീനയ്ക്ക് നേരിടണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :