ഇന്ത്യ അടുത്ത സിലിക്കോണ്‍ വാലി

ചിക്കാഗൊ| WEBDUNIA|
വികസ്വര രാഷ്ട്രങ്ങളായ ഇന്ത്യയും ചൈനയും ബ്രസീലും ഉടന്‍ തന്നെ ലോകത്തിലെ സിലിക്കോന്‍ വാലികളാവുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ സാങ്കേതിക ആശയങ്ങളെ വളരെ പെട്ടന്ന് സ്വീകരിക്കുന്നതിനാല്‍ ഹൈടെക്ക് കമ്പനികള്‍ക്ക് വലിയ വിപണിയാണ് ഈ രാജ്യങ്ങള്‍ പ്രദാനം ചെയ്യുന്നതെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആക്സെഞ്ച്വര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

“ഇന്ത്യയും ചൈനയും ബ്രസീലും അടുത്ത സിലിക്കോണ്‍ വാലികളായി ഉയര്‍ന്നുവരികയാണ്. സാങ്കേതിക രംഗത്തെ ഉയര്‍ന്ന നിലവാരത്തിലേക്കുള്ള മാര്‍ഗം തീര്‍ച്ചയായും വികസ്വര രാഷ്ട്രങ്ങളിലൂടെയായിരിക്കും” - റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ടെലികോം സേവനങ്ങള്‍, ഉപഭോക്തൃ - ഇലക്ട്രോണിക്സ് രംഗത്തെ നേട്ടങ്ങള്‍, മീഡിയ ഉള്ളടക്കങ്ങള്‍ എന്നിവ വികസിത രാഷ്ട്രങ്ങളില്‍ പരീക്ഷിക്കുന്ന കാലം അവസാനിക്കുകയാണെന്നും ഇവയെല്ലാം വികസ്വര രാഷ്ട്രങ്ങളിലേക്ക് മാറ്റപ്പെടുകയാണെന്നും റീപ്പോര്‍ട്ട് വിലയിരുത്തുന്നു. പുതിയ ആശയങ്ങളും സേവനങ്ങളും അമേരിക്കയെക്കാളും യൂറോപ്പിനേക്കാളും വേഗത്തില്‍ വികസ്വര രാഷ്ട്രങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ സാങ്കേതിക മേഖലയിലേ നേട്ടങ്ങള്‍ ഇത്തരം രാജ്യങ്ങളില്‍ പരീക്ഷിക്കാനാണ് കമ്പനികള്‍ താല്‍പര്യപ്പെടുന്നത്.

വളരെയധികം വിദ്യാസമ്പന്നരായ ഉപഭോക്താക്കളാണ് ഇത്തരം രാജ്യങ്ങളിലുള്ളതെന്നതിനാല്‍ കമ്പനികള്‍ക്ക് വളരെ പെട്ടന്ന് സേവനങ്ങള്‍ സമൂഹത്തിലെത്തിക്കാനാവുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ ജീവിതത്തെ മികച്ച രീതിയില്‍ സ്വാധീനിക്കുന്ന ഒന്നാ‍യാണ് നെറ്റ്വര്‍ക്ക് ചെയ്യപ്പെട്ട ഈ ഡിജിറ്റല്‍ ലോകത്തെ അവര്‍ നോക്കിക്കാണുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :