ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ലോംഗ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ് പിന്‍മാറി. ബീജിംഗ് ഒളിമ്പിക്സിനുശേഷം പ്രധാന ടൂര്‍ണമെന്‍റുകളിലൊന്നും പങ്കെടുക്കാതിരുന്ന അഞ്ജു ഈ വര്‍ഷം പൂര്‍ണമായും വിശ്രമത്തിനായി മാറ്റിവെയ്ക്കുകയാണെന്ന് അറിയിച്ചു.
അടുത്ത വര്‍ഷം ആദ്യത്തോടെ ജമ്പിംഗ് പിറ്റിലേക്ക് തിരിച്ചെത്താനാകുമെന്നാണ് അഞ്ജുവിന്‍റെ പ്രതീക്ഷ. വ്യക്തിപരമായ കാരണങ്ങളാലാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ഇക്കാര്യം അത്‌ലറ്റിക് ഫെഡറേഷനെ അറിയിച്ചിട്ടുണ്ടെന്നും അഞ്ജു പറഞ്ഞു. വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ ശക്തമായി തിരിച്ചുവരുമെന്നും മുന്‍ ലോക നാലാം റാങ്കുകാരി കൂടിയായ അഞ്ജു വ്യക്തമാക്കി.
2002ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയാണ് അഞ്ജു താരമായി ഉയര്‍ന്നത്. പിന്നീട് ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി സ്വര്‍ണം നേടാനും ഈ മലയാളിപ്പെണ്‍ക്കൊടിയ്ക്കായി. ഇതിനുശേഷമായിരുന്നു 2005 ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി അഞ്ജു ചരിത്രം കുറിച്ചത്.