കേരള ടീമിന് പ്രത്യേക കോച്ച് അനുവദിച്ചു; നടപടി പ്രതിഷേധത്തിനൊടുവില്‍
കൊച്ചി|
WEBDUNIA|
PRO
PRO
ദേശീയ സ്‌കൂള്‍ ഗെയിംസിന് യാത്ര തിരിച്ച കായിക താരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാനായി ധന്‍ബാദ് എക്‌സ്പ്രസില്‍ പുതിയ കോച്ച് അനുവദിച്ചു. ഷൊര്‍ണൂരില്‍ വെച്ച് ട്രെയിനില്‍ 72 സീറ്റുള്ള സിറ്റിംഗ് കോച്ച് ഘടിപ്പിച്ചു. എംബി രാജേഷ് എംപിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. ടീം അംഗങ്ങളുടെ ദുരിതയാത്ര സംബന്ധിച്ച് പ്രതിഷേധം ശക്തമായതോടെയാണ് റെയില്‍വെയുടെ തീരുമാനം.
17ാം ദേശീയ കിരീടം ലക്ഷ്യമിട്ട് ദേശീയ ഗെയിംസിന് റാഞ്ചിയിലേക്ക് തിരിച്ച കേരളാ ടീമിന്‍റെ ദുരിതയാത്രയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് റെയില്‍വെയുടെ നടപടി. ദേശീയ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുവാനായി യാത്ര തിരിച്ച 145 താരങ്ങളില്‍ 24 പേര്‍ക്ക് മാത്രമാണ് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ലഭിച്ചത്. ശേഷിക്കുന്ന 70ലധികം പേരും ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സീറ്റില്ലാതെയും ഉറക്കമിളച്ചും യാത്ര ചെയ്യേണ്ട സ്ഥിതിയിലായിരുന്നു. അതേസമയം വേണ്ട സൌകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെന്ന് ആരോപണമുണ്ട്.
രാവിലെ എറണാകുളത്തു നിന്നും ധന്‍ബാദ് എക്‌സ്പ്രസിലാണ് താരങ്ങള്‍ റാഞ്ചിയിലേക്ക് യാത്ര തിരിച്ചത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സീറ്റില്ലാതെയും ഉറക്കമൊഴിച്ചും രണ്ട് പകലും ഒരു രാത്രിയും യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു ഇവര്‍ക്ക്. താരങ്ങള്‍ക്കായുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ 50 ദിവസം മുമ്പ് ബുക്ക് ചെയ്തിരുന്നെങ്കിലും വേണ്ട രേഖകളൊന്നും സമര്‍പ്പിക്കാതെ വിദ്യാഭ്യാസ- കായിക വകുപ്പ് അധികൃതരുടെ അലംഭാവമാണ് ദുരിത യാത്രയ്ക്ക് വഴിവെച്ചത്.