രാജ്യത്തെ യുവ കായികതാരങ്ങള്‍ക്ക് തിരിച്ചടിയായി ഐ ലീഗ് ടീമുകള്‍ക്ക് നാല് വിദേശ താരങ്ങളെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അനുമതിയെന്ന് റിപ്പോര്‍ട്ട്. ക്ലബ് അധികൃതരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഈ പരിഷ്കാരം.
ഓഗസ്റ്റില്‍ ആരംഭിക്കുന്ന 2013-14 വര്‍ഷത്തെ ഐ ലീഗ് മുതല്‍ നാല് വിദേശ താരങ്ങളെ ക്ലബ്ബുകള്‍ക്ക് കളിപ്പിക്കാം. നിലവില്‍ നാല് താരങ്ങളെ ക്ലബ്ബിലെടുക്കാമെങ്കിലും, മൂന്നു പേരെ കളിപ്പിക്കാനേ അനുമതിയുള്ളു. ഈ നിയന്ത്രണം നീക്കണമെന്ന് ക്ലബ്ബുകള്‍ നേരത്തെ മുതല്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ഐ ലീഗിലെ ടീമുകളുടെ എണ്ണം 16 ആക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട ടീമുകളുടെ കാര്യത്തില്‍ ഏകദേശ ധാരണ. ബംഗളൂരു, മുംബൈ ടീമുകള്‍ക്കായി രണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് എഐഎഫ്എഫ് അനുമതി നല്‍കി. കഴിഞ്ഞ സീസണില്‍ 14 ടീമുകളാണ് ഐ ലീഗില്‍ അണിനിരന്നത്. ഇവരില്‍ രണ്ട് ടീമുകള്‍ തരംതാഴ്ത്തപ്പെട്ടു.
എയര്‍ ഇന്ത്യയും സിക്കിം യുനൈറ്റഡും. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍റെ നിയമാവലി പാലിക്കാത്തതിനാല്‍ ഡിപ്പാര്‍ട്ടുമെന്‍റല്‍ ടീമുകള്‍ എയര്‍ ഇന്ത്യയ്ക്കും ഒഎന്‍ജിസിക്കും അടുത്ത വര്‍ഷം മുതല്‍ ലീഗില്‍ പങ്കെടുക്കാനാകില്ല. ഫലത്തില്‍ മൂന്നു ടീമുകള്‍ ലീഗിനു പുറത്ത്. ടീമുകളുടെ എണ്ണം 16 ആക്കുമ്പോള്‍ രണ്ടാം ഡിവിഷനില്‍നിന്ന് എത്തുന്ന രണ്ട് ടീമുകള്‍ക്കു പുറമെ, മൂന്നു ടീമുകള്‍ കൂടി വേണം. അതിനായാണ് കേരളമുള്‍പ്പെടെ രംഗത്തെത്തിയത്.
ഇത്തവണ ലീഗ് നടത്തിപ്പിലും ചില പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. വെസ്റ്റേണ്‍ കോണ്‍ഫറന്‍സ്, ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ച് ആദ്യ ഘട്ടം. ഇതില്‍ ആദ്യമെത്തുന്ന നാലു ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ എന്ന രീതിയിലാണു ക്രമീകരണം. ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ 30 കളിക്കാരെ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയും ഏര്‍പ്പെടുത്തി.
ഫെഡറേഷന്‍ കപ്പ് ഹോം - എവേ അടിസ്ഥാനത്തിലാക്കാനും തീരുമാനം. സെമിഫൈനലും ഹോം - എവേ അടിസ്ഥാനത്തിലാക്കും. കിരീട ജേതാക്കള്‍ക്ക് അടുത്ത വര്‍ഷത്തെ ഫൈനലിന് ആതിഥേയത്വത്തിന് അവസരം നല്‍കാനും യോഗം തീരുമാനിച്ചു. എഐഎഫ്എഫ്. പ്രസിഡന്‍റ് കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, സീനിയര്‍ വൈസ് പ്രസിഡന്‍റ് സുബ്രത ദത്ത, വൈസ് പ്രസിഡന്‍റുമാര്‍ ശ്രീനവാസ് ഡെംപൊ, കെഎംഐ മേത്തര്‍, ലാഴ്സിങ് സ്വാന്‍, ട്രഷറര്‍ ഹര്‍ദേവ് ജഡേജ എന്നിവര്‍ പങ്കെടുത്തു.