ആനന്ദ്- കാള്‍സന്‍ ഏറ്റുമുട്ടല്‍ തുടങ്ങി; ലോകചാമ്പ്യന്‍ പട്ടത്തിന് കരുനീക്കം ശക്തം

ചെന്നൈ| WEBDUNIA|
PTI
PTI
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റിലെ ആദ്യ റൗണ്ട് മത്സരം തുടങ്ങി. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ഏറ്റുമുട്ടലിന് ചെന്നൈയില്‍ തുടക്കമായത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനും ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും ലോകചാമ്പ്യന്‍ പട്ടത്തിന് ശക്തമായ കരുനീക്കമാണ് നടത്തുന്നത്. നറുക്കെടുപ്പിലൂടെ വെള്ളക്കരു സ്വന്തമാക്കിയ കാള്‍സനായിരിക്കും ആദ്യകരുനീക്കം നടത്തിയത്. മറ്റ് ചെസ് ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് കളിക്കാരുടെ പ്രായം, കളി നടക്കുന്ന സ്ഥലത്തെ കാലാവസ്ഥ എന്നിവയെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചാമ്പ്യന്‍ഷിപ്പാണിത്.

ചെന്നൈയിലെ ഹയത്ത് ഹോട്ടലില്‍ ഒരുക്കിയിട്ടുള്ള ശബ്ദം കേള്‍ക്കാത്ത ഗ്ലാസ് ക്യുബിക്കിളിലാണ് പോരാട്ടം നടക്കുന്നത്. 6 മുതല്‍ 7 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഓരോ മത്സരത്തിന്റെ അവസാനവും താരങ്ങള്‍ തങ്ങളുടെ നീക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കും. 42കാരനായ വിശ്വനാഥന്‍ ആനന്ദിന്റെ പരിചയസമ്പന്നതയെ ചിലര്‍ പിന്തുണയ്ക്കുമ്പോള്‍ 22 കാരനായ കാള്‍സന്റെ നിലവിലെ ഫോമിലാണ് മറുപക്ഷത്തിന്റെ പ്രതീക്ഷ. ശശികരണ്‍, സന്ദീപന്‍ ചന്ദെ, പീറ്റര്‍ ലീക്കോ, റൊഡസ്ലോ വോസ്റ്റക് എന്നിവരാണ് തന്റെ സഹായികളെന്ന് ആനന്ദ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ കാള്‍സന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നവരാണ്.

കാള്‍സനെ തളയ്ക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് വിശ്വനാഥന്‍ ആനന്ദിന്റെ കണക്കുകൂട്ടല്‍. കാലാവസ്ഥയും ഭക്ഷണവും അനുകൂലമല്ലെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഒരാഴ്ച്ച മുമ്പ് തന്നെ ചെന്നൈയില്‍ എത്തിയ നോര്‍വെക്കാരനായ കാള്‍സണ്‍. ചതുരംഗ കളി തത്സമയം കാണാന്‍ ഫിഡ വെബ്‌സൈറ്റില്‍ സജ്ജീകരണമൊരുക്കിയിട്ടുണ്ട്. മത്സരം ചിത്രീകരിക്കുന്നതിനായി നിരവധി വിദേശമാധ്യമങ്ങളും ചെന്നൈയില്‍ എത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :