കാണ്‍പൂര്‍|
jibin|
Last Updated:
ശനി, 24 സെപ്‌റ്റംബര്‍ 2016 (20:17 IST)
വിരാട് കോഹ്‌ലിയുടെ മനസറിഞ്ഞ് സ്‌പിന്നര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്‌റ്റിന്റെ മൂന്നാം ദിനം ഇന്ത്യക്ക് അനുകൂലം. പഴകും തോറും ബാറ്റ്‌സ്‌മാന്മാരെ വട്ടം കറക്കുന്ന പിച്ചില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും സംഹാരതാണ്ഡവമാടിയപ്പോള്‍ ശക്തമായ നിലയില്‍ നിന്ന് മുന്നാം ദിനം 262 റൺസിന് കൂടാരം കയറാനായിരുന്നു കിവികളുടെ വിധി.
152/1 എന്ന ശക്‌തമായ നിലയിൽ മൂന്നാം ദിനം തുടങ്ങിയ കിവിസ് ഉച്ചയായപ്പോഴേക്കും 262 റൺസിന് ഒന്നാം ഇന്നിംഗ്‌സിന് തിരശീലയിടേണ്ടി വന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാലുവിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനുമാണ് ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്.
ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണും (75) ഓപ്പണർ ടോം ലാതം (58) റൺസിന് പുറത്തായ ശേഷം കിവീസ് കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല. മധ്യനിരയിൽ ലൂക്ക് റോഞ്ചി (38),
മിച്ചൽ സാറ്റ്നർ (32), ബിജെ വാട്ലിംഗ് (21) എന്നിവർക്ക് തുടക്കം ലഭിച്ചെങ്കിലും ദീർഘനേരം ക്രീസിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
ഇവിടെയാണ് ഇന്ത്യന്‍ ബോളര്‍മാരുടെ മിടുക്കും ന്യൂസിലന്‍ഡ് ബാറ്റ്‌സ്‌മാന്മാരുടെ ക്ഷമയില്ലായ്‌മയും വ്യക്തമായത്. ഇന്ത്യന്‍ പിച്ചുകളില്‍ കളിക്കുമ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ച് താളം കണ്ടെത്തുക എന്ന ബാലപാഠം സന്ദര്‍ശകര്‍ മറക്കുകയായിരുന്നു. ഇതോടെ പ്രതികൂലമായിരുന്ന സാഹചര്യം ഇന്ത്യക്ക് അനുകൂലമാകുകയും ചെയ്‌തു.
നാലാം ദിവസം അതിവേഗത്തില്‍ സ്‌കോര്‍ നേടി മികച്ച ലീഡ് സ്വന്തമാക്കിയശേഷം ന്യൂസിലന്‍ഡിനെ രണ്ടാം ഇന്നിംഗ്‌സിന് ക്ഷണിക്കാനാണ് വിരാട് കോഹ്‌ലിയുടെ നീക്കം. 215 റണ്‍സിന്റെ ലീഡ് നിലവിലുള്ളതിനാല്‍ 400 റണ്‍സിന് മുകളില്‍ ലീഡ് സ്വന്തമാക്കുക എളുപ്പമാകില്ല. ക്രീസിലുള്ള ചേതേശ്വര്‍ പുജാരയും (50*) മുരളി വിജയിയും (64*) നാലാം ദിനത്തിന്റെ പത്ത് ഓവറുകള്‍ക്ക് ശേഷം ‘ഗിയര്‍’ മാറുമെന്ന് വ്യക്തം. ഇവര്‍ക്ക് ശേഷം ക്രീസിലെത്തുന്ന വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയും ക്രീസില്‍ അധികനേരം നിലയുറപ്പിക്കില്ല. അതിവേഗം സ്‌കോര്‍ കണ്ടെത്താനാകും ഇവര്‍ ശ്രമിക്കുക.
പഴകും തോറും സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് കോഹ്‌ലിയും സംഘവും കരുതുന്നത്. ഉച്ചയോടെയോ ചായയ്‌ക്ക് മുമ്പോ 400 മുകളില്‍ ലീഡ് നേടുന്ന പക്ഷം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാനാകും ഇന്ത്യന്‍ ക്യാമ്പിന്റെ തീരുമാനം. തുടര്‍ന്ന് സ്‌പിന്നര്‍മാരെ ഉപയോഗിച്ച് കിവിസ് വിക്കറ്റുകള്‍ നേടുക എന്ന സ്വാഭാവിക തന്ത്രമാണ് ഇന്ത്യ ഉപയോഗിക്കുക.
കെയ്ൻ വില്യംസണ്‍ പുറത്തായാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇന്ത്യന്‍ പിച്ചുകളില്‍ പരിചയസമ്പന്നനായ റോസ് ടെയ്‌ലര്‍ ഫോമില്‍ അല്ലാത്തത് ഇന്ത്യക്ക് അനുകൂലമാണ്. ലൂക്ക് റോഞ്ചി, മിച്ചൽ സാറ്റ്നർ, ടോം ലാതം, ബിജെ വാട്ലിംഗ് എന്നിവര്‍ സ്‌പിന്നിനെ ഭയപ്പെടുന്നവരാണ്. അവസാന രണ്ട് ദിവസങ്ങളില്‍ പിച്ച് തനിനിറം കാട്ടുമെന്നത് കോഹ്‌ലിക്ക് ആശ്വാസം പകരുന്നുണ്ട്. മൂന്നാം ദിനം കളി അവസാനിക്കുമ്പോഴുള്ള സാഹചര്യം കണക്കിലെടുത്താല്‍ ഇന്ത്യക്കാവും സാധ്യത.