യുവേഫ ചാമ്പ്യന്‍സ് ലീഗ്, റയലിന് തോല്‍‌വി

ടൂറിന്‍| VISHNU N L| Last Modified ബുധന്‍, 6 മെയ് 2015 (10:02 IST)
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ സെമീഫൈനലിൽ റയൽ മാഡ്രിഡിനെ ജുവന്റസ് കീഴടക്കി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജുവാന്റസിന്റെ ജയം.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചു. 57ാം മിനിട്ടിൽ ലഭിച്ച പെനാൾട്ടി കിക്ക് വിദഗ്ദ്ധമായി വലയിലാക്കി കാർലോസ് ടെവെസ് ജുവന്റസിന് ലീഡ് സമ്മാനിക്കുകയായിരുന്നു.

എട്ടാം മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ആല്‍‌വരൊ മൊറാട്ടയാണ് റയലിനെ ഞെട്ടിച്ച് യുവന്റസിന് ലീഡ് നല്‍കിയത്. ബോക്‌സില്‍ നിന്ന് കാര്‍ലോസ് ടെവസ് തൊടുത്ത ഷോട്ട് ഗ്രൗണ്ടര്‍ കസീയസ് ഡെവ് ചെയ്ത് കുത്തിയകറ്റിയെങ്കിലും കിട്ടിയത് തക്കം പാര്‍ത്തു നിന്ന മൊറാട്ടയ്ക്ക്. അനായാസമായൊരു ഫിനിഷിലൂടെ മൊറാട്ട റയലിനെ ഞെട്ടിച്ചു. മികച്ച ഒന്നാന്തരം അവസരങ്ങള്‍ക്കുശേഷമായിരുന്നു ജുവന്റസിന്റെ ഗോള്‍.

പരിചയസമ്പന്നനായ ടെവസിനെ ഉപയോഗിച്ച് റയലിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ജുവന്റസ് പിന്നീട് ചെയ്തത്. സമ്മര്‍ദ്ദം അതിജീവിച്ച് കളിയിലേക്ക് തിരിച്ചുവരാന്‍ റയലിന് ഇരുപത് മിനിറ്റെങ്കിലും വേണ്ടിവന്നു. ഈസമയമത്രയും 4-1-3-1-1ശൈലിയില്‍ കളം നിറഞ്ഞ് കളിക്കുക്കയായിരുന്നു ജുവന്റസ്. ഇതിന് അറുതിവരുത്തിയത് വരാനെയും ഹാമസ് റോഡ്രിഗസുമെല്ലാം ചില ഒന്നാന്തരം ഷോട്ടുകളാണ്. അധികം വൈകാതെ ഇരുപത്തി ഏഴാം മിനിറ്റില്‍ കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമസ് റോഡ്രിഗസ് പ്രതിരോധമതിലിനിടയിലൂടെ കൊടുത്ത ക്രോസ് കൃത്യമായി റൊണാള്‍ഡൊ നെറ്റിലേക്ക് പായിച്ചതോടെ ജുവന്റ്റസിന് ഒപ്പം റയലുമെത്തി.

സമനില നേടിയതോടെ ഉണര്‍ന്ന റയല്‍ ലീഡുയര്‍ത്തുമെന്ന് കരുതിയെങ്കിലും സംഭവത്തിന് നേരെ മറിച്ചാണ്. 56-ാം മിനിറ്റില്‍ ടെവെസും മൊറാട്ടയും ചേര്‍ന്ന് നടത്തിയ നീക്കം യുവന്റസിന് സമ്മാനിച്ച പെനാല്‍റ്റിയാണ് റയലിന് തിരിച്ചടിയായത്. ടെവെസിന് പന്ത് കൈമാറുമ്പോള്‍ മൊറാട്ട താഴെ വീണെങ്കിലും റഫറി കണ്ണടിച്ചു. എന്നാല്‍, കര്‍വാജലിനെ മറികടന്ന് പന്ത് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടെവെസും വീണതോടെ റഫറി വിസിലൂതി. 57-ാം മിനിറ്റില്‍ ടെവെസ് എടുത്ത കിക്ക് കസീയസിനെ മറികടന്ന് വലയില്‍.ഒരിക്കല്‍ക്കൂടി ലീഡ് വഴങ്ങിയതോടെ കൂടുതല്‍ പേരെ ആക്രമണത്തിന് നിയോഗിച്ച് റയല്‍ കരുത്തു കാട്ടിയെങ്കിലും ഫലമുണ്ടായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :