ഗോൾഡ് കോസ്റ്റ്|
jibin|
Last Modified വെള്ളി, 6 ഏപ്രില്‍ 2018 (08:14 IST)
ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന 21മത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹനത്തിൽ സഞ്ജിത ചാനുവാണ് കോമൺവെൽത്ത് ഗെയിംസ് റെക്കാഡോടെ സ്വർണം നേടിയത്.
192 കിലോയാണ് ആകെ ചാനു ഉയർത്തിയത്. 108 കിലോ ക്ളീൻ ആൻഡ് ജെർക് വിഭാഗത്തിലും 84 കിലോ സ്നാച്ച് വിഭാഗത്തിലും ചാനു ഉയർത്തി.
പാപ്പുവ ന്യൂഗിനിയൻ താരം ലോവ ഡിക ടുവ 182 കിലോ ഉയർത്തി വെള്ളി നേടി. ന്യൂസിലൻഡിന്റെ റേച്ചൽ ലെബ്ളാൻക് ബാസിനെറ്റ് 181 കിലോ ഉയർത്തി വെങ്കലം സ്വന്തമാക്കി.
ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിലൂടെയാണ്
ഇന്ത്യ സ്വർണ വേട്ടയ്ക്കു തുടക്കം കുറിച്ചത്. വനിതാവിഭാഗം
48 കിലോ വിഭാഗത്തില്‍ ഭാരോദ്വഹനത്തിൽ റെക്കോർഡോടെയാണ് മണിപ്പുരിൽ നിന്നുള്ള താരത്തിന്റെ സ്വർണ നേട്ടം.
ആകെ 196 കിലോഗ്രാം ഉയർത്തി കോമൺവെൽത്ത് റെക്കോർഡോടെയാണ് ചാനുവിന്റെ സുവർണനേട്ടം. സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കില്‍ 110 കിലോയുമാണ് ചാനു ഉയർത്തിയത്.
നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ്. നേരത്തെ പുരുഷന്മാരുടെ 56 കിലോ കിലോഗ്രാം ഭാരോദ്വഹനത്തിൽ പി ഗുരുരാജ വെള്ളി മെഡൽ നേടിയിരുന്നു. 295 കിലോ ഉയർത്തിയാണ് ഗുരുരാജ വെള്ളി മെഡൽ നേടിയത്.
ഇതോടെ ആകെ മൂന്ന് മെഡല്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.