അഭിറാം മനോഹർ|
Last Modified വെള്ളി, 29 നവംബര്‍ 2019 (10:48 IST)
പന്ത് ചുരുണ്ടൽ വിവാദത്തിൽ ഒരു വർഷത്തോളം വിലക്ക് നേരിട്ട് കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലാണ് ഓസീസ് താരമായ സ്റ്റീവ് സ്മിത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരരംഗത്തേക്ക് തിരിച്ചുവരുന്നത്. എന്നാൽ ഒരു വർഷത്തിനിടെ തനിക്ക് നഷ്ടപ്പെട്ട ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാൻ സ്ഥാനം സ്മിത്തിന് തിരിച്ചുപിടിക്കാൻ വേണ്ടിവന്നത് ഒരേ ഒരു പരമ്പര മാത്രമായിരുന്നു.
ബ്രാഡ്മാനെ ഓർമിപ്പിക്കുന്ന പ്രകടനം സീരീസ് മുഴുവനും കാഴ്ചവെച്ച ഓസീസ് താരം ഏകദേശം ഒറ്റക്കാണ് പരമ്പരയിൽ ഓസീസിനെ രക്ഷപ്പെടുത്തിയത്. ഒപ്പം ഇന്ത്യൻ നായകൻ വിരാട് കോലിയെ പിന്തള്ളി ലോക ഒന്നാം നമ്പർ സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ആഷസിന് ശേഷം പാകിസ്താനെതിരായി നടന്ന ഒന്നാം ടെസ്റ്റിൽ സ്മിത്ത് വെറും നാല് റൺസിനാണ് പുറത്തായത്.
ആദ്യ ടെസ്റ്റിൽ പാക് ലെഗ് സ്പിന്നര്‍ യാസിര്‍ ഷായാണ് ലോക ഒന്നാം നമ്പർ ടെസ്റ്റ് താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അതും 11 ഇന്നിങ്സ് പരസ്പരം കളിച്ചതിൽ ഏഴാം തവണയും. സ്മിത്തിന്റെ വിക്കറ്റ് നേടിയതോടെ ഏഴു തവണ വിക്കറ്റുകൾ സ്വന്തമാക്കി എന്ന് സൂചിപ്പിച്ചു കൊണ്ട് യാസിർ ഷാ 7 വിരലുകൾ ഉയർത്തുകയും ചെയ്തു. ഇതിനെ തുടർന്ന് അടുത്ത മത്സരങ്ങളിൽ യാസിറിന് തന്റെ വിക്കറ്റുകൾ വിട്ടുനൽകില്ലെന്നും സ്മിത്ത് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതോടെ രണ്ടാം ടെസ്റ്റ് മത്സരത്തിലും സമാനമായ സംഭവം ആവർത്തിക്കുമോ എന്ന ഭയത്തിലാണ് സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയൻ ടീം ക്യാപ്റ്റനായ ടിം പെയ്ൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിക്കറ്റ് ഓസ്ട്രേലിയയിലെ വൈദ്യസംഘം സ്മിത്തിനെ പരിശോധിച്ചുവരികയാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. യാസിർ ഷായെ മെരുക്കാൻ കഴിയാത്തത് സ്മിത്തിനെ മാനസികമായി തളർത്തുന്നതായും ഉറക്കം നഷ്ടപ്പെട്ടതായും പെയ്ന്‍ പറയുന്നു.