രേണുക വേണു|
Last Modified വെള്ളി, 9 ഓഗസ്റ്റ് 2024 (08:23 IST)
Nadeem, Saroj Devi and Neeraj Chopra
തുടര്‍ച്ചയായി രണ്ടാം തവണ ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ മെഡല്‍ കരസ്ഥമാക്കി ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് നീരജ് ചോപ്ര. കഴിഞ്ഞ തവണ സ്വര്‍ണം ലഭിച്ചെങ്കില്‍ ഇത്തവണ വെള്ളിയില്‍ ഒതുങ്ങിയെന്ന് മാത്രം. ഇന്ത്യക്കായി ഒളിംപിക്‌സില്‍ തുടര്‍ച്ചയായി രണ്ട് തവണ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് നീരജ് ചോപ്ര സ്വന്തമാക്കി. അതേസമയം നീരജിന്റെ വെള്ളി മെഡല്‍ നേട്ടം സ്വര്‍ണം പോലെ വിലപ്പെട്ടതാണെന്ന് താരത്തിന്റെ അമ്മ സരോജ് ദേവി പറഞ്ഞു.
' ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ക്ക് ഈ വെള്ളി മെഡല്‍ സ്വര്‍ണത്തിനു സമാനമാണ്. അവനെ പരുക്ക് അലട്ടിയിരുന്നു, അതുകൊണ്ട് ഇപ്പോഴത്തെ പ്രകടനത്തില്‍ ഞങ്ങള്‍ പൂര്‍ണമായി സന്തോഷിക്കുന്നു. അവനു ഇഷ്ടപ്പെട്ട ഭക്ഷണം ഞാന്‍ തയ്യാറാക്കി വയ്ക്കും,' സരോജ് ദേവി പറഞ്ഞു.
സ്വര്‍ണ മെഡല്‍ നേടിയ പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീമിനെ പുകഴ്ത്താനും നീരജിന്റെ അമ്മ മറന്നില്ല. സ്വര്‍ണം നേടിയ നദീമും തങ്ങള്‍ക്ക് സ്വന്തം മകനെ പോലെയാണെന്ന് സരോജ് ദേവി പ്രതികരിച്ചു.
റെക്കോര്‍ഡ് നേട്ടത്തോടെയാണ് പാക് താരം നദീം ഇത്തവണ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം കരസ്ഥമാക്കിയത്. തന്റെ രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ ദൂരമാണ് നദീം കുറിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ നീരജിന്റേത് 89.45 മീറ്റര്‍ ദൂരമാണ്.