ജ്വാലാ ഗുട്ട വീണ്ടും ജ്വലിച്ചു

ഹൈദരാബാദ്| VISHNU.NL| Last Modified ഞായര്‍, 10 ഓഗസ്റ്റ് 2014 (11:59 IST)
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം ചീഫ് കോച്ച് പുല്ലേല ഗോപി ചന്ദിനെതിരെ വനിതാ ഡബിള്‍സ് താരം വീണ്ടും പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് തെലുങ്കാന സര്‍ക്കാര്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് ജ്വാല പുല്ലേലയ്ക്കെതിരെ രംഗത്ത് വന്നത്.


ഗോപി ചന്ദിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് ജ്വാലഗുട്ട പ്രതികരിച്ചത്. പുല്ലേല ഗോപിചന്ദ് ദേശീയ ടീമിന്റെ ചീഫ് കോച്ചായാണ് ഗ്ളാസ്ഗോയില്‍ ഉണ്ടായിരുന്നതെങ്കിലും അവിടെയും തങ്ങളെ മനപ്പൂര്‍വ്വം അവഗണിക്കുകയായിരുന്നുവെന്നും ചിലരെ മാത്രമാണ് അദ്ദേഹം ശ്രദ്ധിക്കുന്നതെന്നും ജ്വാല ആരോപിച്ചു. പുല്ലേല ഗോപിചന്ദല്ല, എസ് എം ആരിഫാണ് തന്റെ പരിശീലകനെന്നും ജ്വാല തുറന്നടിച്ചു.

നേരത്തെ മെഡല്‍ ജേതാക്കള്‍ക്ക് ഗോപിചന്ദ് തന്റെ അക്കാഡമിയില്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന് വെള്ളി മെഡല്‍ നേടിയ ജ്വാലാഗുട്ടയെയും അശ്വിനി പൊന്നപ്പയെയും ഒഴിവാക്കിയിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് ജ്വാല പ്രകടിപ്പിച്ചത്.

ചടങ്ങിനുശേഷം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജ്വാല ഗോപിചന്ദിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ഡബിള്‍സില്‍ താനും
അശ്വിനും നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടും ദേശീയ കോച്ച് ഒരു തവണപോലും അഭിനന്ദിച്ചിട്ടില്ലെന്ന് ജ്വാല പറഞ്ഞു.


സൈന നെഹ്‌വാള്‍, പി. കാശ്യപ്, വി.വി. സിന്ധു, ഗുരുസായ് ദത്ത് തുടങ്ങിയ തനിക്ക് വേണ്ടപ്പെട്ടവരെ മാത്രമാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. അദ്ദേഹത്തിന്റെ ഈ ഇരട്ടത്താപ്പിനെതിരെ നേരത്തെ ശബ്ദമുയര്‍ത്തിയിരുന്നതുകൊണ്ടുതന്നെ തന്നെയും തന്നോടൊപ്പം ഡബിള്‍സില്‍ കളിക്കുന്നതുകൊണ്ട് അശ്വനിയെയും മനപൂര്‍വ്വം തഴയുകയാണ്. അദ്ദേഹം ദേശീയ ടീമിന്റെ ചീഫ് കോച്ചായതിനാല്‍ യുവതാരങ്ങള്‍ക്ക് ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍ ധൈര്യമില്ല എന്നും ജ്വാല ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :