ഓസ്ട്രേലിയൻ ഓപ്പണിന് ശേഷമുള്ള ആദ്യ ടൂർണമെന്റിന് ജോക്കോവിച്ച് ഇന്നിറങ്ങുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ഫെബ്രുവരി 2020 (16:04 IST)
ലോക ഒന്നാം നമ്പർ താരമായ നോവാക് ജോക്കോവിച്ച് ഈയാഴ്ച്ച ദുബായിൽ വെച്ച് നടക്കുന്ന ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. തന്റെ ഏട്ടാമത് ഓസ്ട്രേലിയൻ കിരീടനേട്ടത്തിന് ശേഷം ജോക്കൊ പങ്കെടുക്കുന്ന ആദ്യ ടെന്നിസ് ടൂർണമെന്റാണ് ഇത്. 17 ഗ്രാൻഡ്‌സ്ലാമുകൾ സ്വന്തമായുള്ള ജോക്കോവിച്ച് തന്റെ അഞ്ചാമത് ചാമ്പ്യൻഷിപ്പിന് വേണ്ടിയായിരിക്കും ദുബായിൽ മത്സരിക്കാനിറങ്ങുക. ഇതിന് മുൻപ് 2009,2010,2011,2013 എന്നീ വർഷങ്ങളിലാണ് ജോക്കോവിച്ച് ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുള്ളത്.

ഒരു ഗ്രാൻഡ്‌സ്ലാം വിജയത്തോടെ സീസൺ ആരംഭിക്കുന്നത് തികച്ചും നിങ്ങളുടെ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. കുറച്ചധികം സ്ലാമുകൾ സ്വന്തമാക്കാൻ എനിക്ക് സാധിച്ചതിൽ സന്തോഷമുണ്ട്. സാധരണ ഒരു ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയ ശേഷം മികച്ച സീസണുകളാണ് എനിക്ക് ഉണ്ടായിട്ടുള്ളത്. ഈ സീസൺ ഏറ്റവും മികച്ച രീതിയിലാണ് ഞാൻ ആരം‌ഭിച്ചിട്ടുള്ളത്. ദുബായിൽ കുടുംബത്തിനോടൊപ്പം കുറെ നല്ല നിമിഷങ്ങൾ ചിലവഴിക്കാൻ സാധിച്ചുവെന്നും ദുബായിലെ സെർബിയൻ ജനങ്ങളുടെ വലിയ പിന്തുണ കളിക്കളത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോക്കോവിച്ച് പറഞ്ഞു.

നേരത്തെ 2016ൽ കണ്ണിനേറ്റ അണുബാധയെ തുടർന്ന് ടൂർണമെന്റിൽ നിന്നും പിന്മാറിയതിന് ശേഷം ജോക്കോവിച്ച് ദുബായ് ഓപ്പണിൽ മത്സരിച്ചിട്ടില്ല.നിലവിൽ ഒരു എ ടി പി ടൂർണമെന്റ് വിജയത്തിനും ഒപ്പം ഒരു ഓസ്ട്രേലിയൻ ഓപ്പൺ നേട്ടത്തിനും ശേഷമാണ് ജോക്കോവിച്ച് കളിക്കളത്തിലെത്തുന്നത്. ടൂർണമെന്റിൽ തിങ്കളാഴ്ച്ച രാത്രി 7 മണിക്ക് നടക്കുന്ന മത്സരത്തിൽ ടുണീഷ്യക്കാരനായ മാലെക്ക് ജസിരിയെയായിരിക്കും ജോക്കോവിച്ച് നേരിടുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :