ഇഞ്ചിയോണില്‍ ഇന്ത്യന്‍ സുവര്‍ണ്ണ ദിനം

ഇഞ്ചിയോണ്‍| VISHNU.NL| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (10:45 IST)
കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ സുവര്‍ണ്ണദിനം വീണ്ടും പിറന്നു. പത്തു നാളത്തെ കാത്തിരിപ്പിനുശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആഘോഷിക്കാന്‍ ഇരട്ടപ്പൊന്ന് നല്‍കി കായിക താരങ്ങള്‍ ഇന്ത്യക്ക് അഭിമാനം നല്‍കി. മൊത്തം രണ്ടു സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ ഗെയിംസിന്റെ പത്താംനാള്‍ പൊരുതി നേടിയത്. മെഡല്‍ വേട്ടയില്‍ മലയാളിക്ക അഭിമാനിക്കാന്‍ ഒപ് ജെയ്ഷയുടെ വെങ്കലവുമുണ്ട്.

ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ മിര്‍സ-സാകേത് സായി സഖ്യവും വനിതകളുടെ ഡിസ്‌ക്കസ് ത്രോയില്‍ സീമ പൂനിയയുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണസമ്പാദ്യം ആറായി. ഏഴ് വെള്ളിയും 29 വെങ്കലവും കൂടി ചേര്‍ത്ത് മൊത്തം 42 മെഡലുള്ള ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്.

പുരുഷന്മാരുടെ ഡബിള്‍സില്‍ സാകേതും സനം സിങ്ങുമാണ് വെള്ളി നേടിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ടീമിനോടാണ് അവര്‍ തോറ്റത്.

ഗുസ്തിക്കളത്തില്‍ നിന്നാണ് ഇന്ത്യക്ക് മറ്റൊരു വെള്ളി പിറന്നത്. പരുഷന്മാരുടെ 61 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബജ്‌രംഗാണ് വെള്ളി നേടിയത്.

ആദ്യ റൗണ്ടില്‍ അപ്രതീക്ഷിതമായി അടിതെറ്റിയ നര്‍സിങ് യാദവ് ഒടുവില്‍ വെങ്കലം നേടിത്തന്നു. പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗത്തില്‍ റെപ്പഷാജ് റൗണ്ടിലൂടെയാണ് നര്‍സിങ് വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്.

മറ്റ് രണ്ട് വെങ്കലങ്ങളും അത്‌ലറ്റിക്സില്‍ നിന്നാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. വനിതകളുടെ 1500 മീറ്ററിലാണ് ജെയ്ഷ വെങ്കലമണിഞ്ഞത്. ജെയ്ഷയുടെ രണ്ടാം ഏഷ്യന്‍ ഗെയിംസ് വെങ്കലമാണിത്. ട്രാക്കില്‍ നിന്നുള്ള രണ്ടാം വെങ്കലം പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ നവീന്‍ കുമാറിന്റെ വകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :