കോമണ്‍‌വെല്‍ത്ത് ഗെയിംസിന് പ്രൌഢഗംഭീര തുടക്കം; 11 ദിവസം ഇനി കായിക മാമാങ്കം

ഗ്ലാസ്ഗോ .| Last Updated: വ്യാഴം, 24 ജൂലൈ 2014 (10:02 IST)
കോമണ്‍വെല്‍ത്ത് ഗെയിംസിന് പ്രൌഢഗംഭീര തുടക്കം. 71 രാജ്യങ്ങളില്‍ നിന്നുള്ള 4,500 അത്‌ലറ്റുകളെയും സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ നാല്‍പതിനായിരത്തോളം കാണികളെയും
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകരെയും സാക്ഷികളാക്കി എലിസബത്ത് രാജ്ഞി ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇനി 11 ദിവസം ഇവിടെ കായിക മാമാങ്കം‍.

സ്കോട്ലന്‍ഡിലെ പ്രമുഖ ഫുട്ബോള്‍ ക്ളബായ സെല്‍ട്ടിക്കിന്റെ ഹോം ഗ്രൌണ്ടില്‍ മൂന്നു മണിക്കൂര്‍ നീണ്ട ഉദ്ഘാടനച്ചടങ്ങുകള്‍ ദൃശ്യവിരുന്നായി. രണ്ടായിരത്തോളം വരുന്ന കലാകാരന്‍മാരാണ് പരിപാടികള്‍ അവതരിപ്പിച്ചത്.

288 ദിവസങ്ങളിലായി, 1,20,000 മൈലുകള്‍ താണ്ടിയ കോമണ്‍വെല്‍ത്ത് ബാറ്റണുമായി സാഹസിക താരം മാര്‍ക്ക് ബ്യൂമോണ്ട് ഒരു സീ പ്ളെയിനില്‍ നഗരത്തിലെ ക്ളൈഡി നദിയില്‍ വന്നിറങ്ങുകയായിരുന്നു. തുടര്‍ന്ന് ബാറ്റണ്‍ സെല്‍ട്ടിക് പാര്‍ക്കിലേക്ക് ആനയിക്കപ്പെട്ടു. കായികരംഗത്തിലൂടെ കുട്ടികളെ മികവിലേക്ക് നയിച്ച ഒരു സംഘം വളണ്ടിയര്‍മാരുടെ കൈകളിലേക്ക് സ്റ്റേഡിയത്തില്‍ വച്ച് ബാറ്റണ്‍ കൈമാറി. അവസാനഘട്ടത്തില്‍ ബാറ്റണ്‍ മലേഷ്യയുടെ ഇംറാന്‍ രാജകുമാരന് കൈമാറി. അദ്ദേഹം ബാറ്റണ്‍ തുറന്ന് സന്ദേശം എടുത്ത് രാജ്ഞിക്ക് കൈമാറി. രാജ്ഞി ബാറ്റണില്‍ നിന്ന് സന്ദേശം വായിച്ചതോടെ ഗെയിംസിന് ഔദ്യോഗിക തുടക്കമായി

വിസ്മയ കലാദൃശ്യങ്ങളുടെ ഘോഷയാത്ര, സംഗീത- നൃത്തവിരുന്ന് എന്നിവ കാണികള്‍ മനം നിറയെ ആസ്വദിച്ചു. തുടര്‍ന്ന് നടന്ന മാര്‍ച്ച് പാസ്റ്റില്‍ 71 രാജ്യങ്ങളിലെയും താരങ്ങള്‍ അണിനിരന്നു. ഷൂട്ടിങ് താരം വിജയ് കുമാറാണ് ഇന്ത്യന്‍ പതാക വഹിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :