ബോക്സിംഗ് താരം സരിതാ ദേവിക്കെതിരേ നടപടിക്ക് സാധ്യത

ഇഞ്ചോണ്‍| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (21:47 IST)
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ വെങ്കല മെഡല്‍ സ്വീകരിക്കാതിരുന്ന ബോക്സിംഗ് താരം സരിതാ ദേവിക്കെതിരേ
രാജ്യാന്തര ബോക്സിംഗ് ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സാധ്യത. മെഡല്‍ തിരികെ നല്‍കിയത് തെറ്റെന്ന് രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്‍ വ്യക്തമാക്കി‍. സരിതയ്ക്ക് കനത്ത പിഴയോ സസ്പെന്‍ഷനോ നല്‍കിയേക്കും. തെറ്റുകാരിയെന്ന് കണ്ടെത്തിയാല്‍ ആജീവാനന്തര വിലക്കുവരെ ലഭിച്ചേക്കും. നവംബറില്‍ ചേരുന്ന എഐബിഎ കോണ്‍ഗ്രസ് അന്തിമതീരുമാനം കൈക്കൊള്ളും.

ഇന്നലെ 57 കിലോവിഭാഗത്തില്‍ നടന്ന സെമിഫൈനലില്‍ ദക്ഷിണകൊറിയയുടെ പാര്‍ക്ക് ജീനയ്ക്കെതിരേ മല്‍സരിച്ച സരിതാദേവി തോല്‍ക്കുകയായിരുന്നു. മല്‍സരത്തില്‍ സരിതാദേവി ആധിപത്യം പുലര്‍ത്തിയെങ്കിലും വിധികര്‍ത്താക്കള്‍ കൊറിയന്‍ താരത്തിന് അനുകൂലമായി മാര്‍ക്ക് ഇടുകയായിരുന്നു. 39.37 എന്ന സ്കോറിനാണ് കൊറിയന്‍ താരം വിജയിച്ചത്.

മെഡല്‍ ദാനച്ചടങ്ങിലേക്ക് കരഞ്ഞുകൊണ്ട് എത്തിയ സരിതാദേവി പോഡിയത്തില്‍ കയറിയെങ്കിലും മെഡല്‍ സ്വീകരിച്ചില്ല. മെഡല്‍ സ്വീകരിക്കാന്‍ സരിതാദേവിയെ നിര്‍ബന്ധിച്ചെങ്കിലും സരിത സ്വീകരിച്ചില്ല. പിന്നീട് സരിതാദേവി കൊറിയന്‍ താരത്തിന്റെ കഴുത്തില്‍ മെഡല്‍ അണിയിച്ചു. എല്ലാവര്‍ക്കും മെഡല്‍ നല്‍കിയതിനു പിന്നാലെ കൊറിയന്‍ താരം തന്നെ സരിതാദേവിക്ക് മെഡല്‍ തിരികെ നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

സരിതാദേവി ജയിച്ചെന്നു കാണികള്‍ മുഴുവന്‍ വിധിയെഴുതിയ മല്‍സരം ആതിഥേയരായ ദക്ഷിണ കൊറിയയുടെ താരം പാര്‍ക്ക് ജീനയ്ക്കു വേണ്ടി വിധികര്‍ത്താക്കള്‍ വളച്ചൊടിച്ചെന്നാരോപിച്ച് ഇന്ത്യ പരാതി നല്‍കി. എന്നാല്‍ ഇന്ത്യ നല്‍കിയ പരാതി അധികൃതര്‍ തള്ളി. പത്രപ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് കടംവാങ്ങിയാണ് സരിതാദേവി അപ്പീല്‍ നല്‍കാനുള്ള 500ഡോളര്‍ കെട്ടിവച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :