ഒരു തരത്തിലും പേടിക്കേണ്ട, പൊളിഞ്ഞുവീഴില്ല: ആന്റി സെക്‌സ് കട്ടിൽ വിവാദത്തെ പൊളിച്ച് ജിംനാസ്റ്റ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ജൂലൈ 2021 (14:50 IST)
ഒളിമ്പിക്‌സ് വില്ലേജിൽ കാ‌യികതാരങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തടയാനായി ഒരുക്കിയ ആന്റി സെക്‌സ് കട്ടിലുകൾ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പുനരുപയോഗം സാധ്യമാകുന്ന കാർഡ് ബോർഡ് കൊണ്ട് എയർവീവ് എന്ന കമ്പനി നിർമിച്ച കട്ടിലുകൾ ഒരാളുടെ മാത്രം ഭാരം താങ്ങുന്ന തരത്തിൽ നിർമിച്ചവയാണെന്നായിരുന്നു വാർത്ത.

പോൾ കെലിമോ എന്ന അമേരിക്കൻ ദീർഘദൂര ഓട്ടക്കാരൻ ഇട്ട ട്വീറ്റിനെത്തുടർന്നാണ് ഇങ്ങനെ ഒരു വാർത്ത പ്രചരിച്ചതു വിവാദമായതും. ഈ വാർത്തകൾ വാസ്‌തവവിരുദ്ധമാണെന്ന് സംഘാടക സമിതി പ്രതികരിച്ചെങ്കിലും ഇത് വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നില്ല. ഇപ്പോഴിതാ ആന്റി സെക്‌സ് കട്ടിലിനെ പറ്റിയുള്ള വാദങ്ങളെ പൊളിച്ചടക്കിയിരിക്കുകയാണ് ഐറിഷ് ജിംനാസ്റ്റ് റൈസ് മാക്ക്ലെനാഗൻ. ഈ കട്ടിലിന് മുകളിൽ നിൻ തുടർച്ചയായി ചാടികൊണ്ടിരിക്കുന്ന വീഡിയോ ആണ് താരം ട്വീറ്റ് ചെയ്‌തത്.

പേടിക്കേണ്ട എന്നും, ഈ കട്ടിലുകൾ അങ്ങനെ അത്രയെളുപ്പമൊന്നും തകർന്നു വീഴില്ല എന്നും അദ്ദേഹം വീഡിയോയിൽ ഉറപ്പിച്ചു പറയുന്നു.മാക്ക്ലെനാഗന്റെ വീഡിയോയോട് ടോക്കിയോ ഒളിമ്പിക്‌സ് സമിതിയും പ്രതികരിച്ചിട്ടുണ്ട്. കിടക്കക്കെതിരെയുള്ള പ്രചാരണങ്ങൾ പൊളിച്ചതിന് നന്ദിയെന്നാണ് അവരുടെ പ്രതികരണം. കായിക താരങ്ങൾ തമ്മിൽ സെക്‌സിൽ ഏർപ്പെടുന്നത് തടയാൻ സാധിക്കില്ല എന്നതിനാൽ നേരത്തെ സംഘടക സമിതി കായികതാരങ്ങൾക്ക് കോണ്ടം വിതരണം ചെയ്‌തിരുന്നു. കൊവിഡ് സാഹചര്യത്തിൽ പരമാവധി അടുത്തിടപെടൽ ഒഴിവാക്കണമെന്നാണ് സംഘാടകസമിതിയുടെ നിർദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :