ഹോക്കി താരങ്ങള്‍ക്ക് സഹാറയുടെ ഒരു കോടി

ന്യുഡല്‍ഹി| WEBDUNIA|
PRO
പ്രതിഫല തര്‍ക്കത്തിന്‍റെ പേരില്‍ ലോകകപ്പിനുള്ള പരിശീലന ക്യാമ്പ് ബഹിഷ്കരിച്ച ദേശീയ ഹോക്കി ടീമിന് സ്പോണ്‍സര്‍മാരായ സഹാറാ ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കും. സ്പോണ്‍സര്‍ഷിപ്പ് തുകയ്ക്ക് പുറമെയാണ് ഈ തുക നല്‍കുകയെന്ന് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സ്പോണ്‍സര്‍ഷിപ്പ് തുകയായി 77 ലക്ഷം രൂപ ഹോക്കി ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. എന്നിട്ടും കടക്കെണിയിലാണെന്ന് പറയുന്ന ഫെഡറേഷന്‍റെ കണക്കുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് താല്‍‌പ്പര്യമുണ്ടെന്നും സഹാറ ഇന്ത്യ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി അഭിജിത് സര്‍ക്കാര്‍ അറിയിച്ചു.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക ഫെഡറേഷനല്ല കളിക്കാര്‍ക്കാണ് നല്‍കുകയെന്നും സഹാറ വ്യക്തമാക്കിയിട്ടുണ്ട്. തുക ലഭിക്കുന്നതോടെ കളിക്കാര്‍ ക്യാമ്പില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അഭിജിത് സര്‍ക്കാര്‍ പറഞ്ഞു. ഇതുവരെ സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ഹോക്കി ഇന്ത്യയ്ക്ക് 77,60,094 രൂപ നല്‍കിയിട്ടുണ്ട്. ഫെഡറേഷന്‍റെ വരവ് ചെലവ് കണക്കുകള്‍ കാണണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അത് തങ്ങള്‍ക്ക് നല്‍കിയിട്ടില്ല.

അതു കൊണ്ട് തന്നെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഒരു കോടി രൂപ കളിക്കാര്‍ക്ക് തുല്യമായി പങ്കിട്ട് നല്‍കുമെന്നും സഹാറ അറിയിച്ചു. ഇതോടെ ദേശീയ കായിക മത്സരമായ ഹോക്കിയില്‍ ഉരുണ്ടു കൂടിയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം പ്രതിഫല ഇനത്തില്‍ ഹോക്കി ഇന്ത്യ പണം നല്‍കാത്തതിന്‍റെ പേരിലാണ് അടുത്തമാസം നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ദേശീയ പരിശീലന ക്യാമ്പ് കളിക്കാര്‍ ബഹിഷ്കരിച്ചത്.

ഇതിനുശേഷം കളിക്കാരും ഫെഡറേഷനും തമ്മില്‍ പല തലത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രതിസന്ധി തുടരുകയായിരുന്നു. ഇന്നലെ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്‍റ് എകെ മട്ടു വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ നിന്ന് കളിക്കാര്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :