സ്പോണ്‍സര്‍ഷിപ്: ആര്‍ബി‌എസും പിന്‍‌മാറുന്നു

ലണ്ടന്‍| WEBDUNIA|
ഫോര്‍മുല വണ്‍ ടീമായ വില്യംസിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും അടുത്ത കൊല്ലം പിന്‍‌മാറുമെന്ന് റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാന്‍ഡ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നില്‍. ബാങ്കിന്‍റെ നിലവിലെ സ്പോണ്‍സര്‍ഷിപ് കരാ‍ര്‍ 2010ല്‍ അവസാനിക്കുകയാണ്.

ബാങ്കിന്‍റെ ഭൂരിഭാഗം ഷെയറുകളും ഇപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരാണ് കയ്യാളുന്നത്. സാമ്പത്തിക പ്രതിസന്ധി ബാങ്കിന്‍റെ പ്രവര്‍ത്തനത്തെ ഏറെ ബാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു സാമ്പത്തിക സാഹചര്യമാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് ബാങ്കിന്‍റെ ആശയ വിനിമയ വിഭാഗം മേധാവി ആന്‍ഡ്രൂ മക്‍ലാഫ്ലിന്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള എല്ലാ ഇടപാടുകളും പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും ഇതിന്‍റെ ഭാഗമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ചാമ്പ്യന്‍‌മാരായ വില്യംസിനെ 2005 മുതല്‍ ആര്‍ബി‌എസ് ആണ് സ്പോണ്‍സര്‍ ചെയ്യുന്നത്. രണ്ട് വര്‍ഷത്തേക്കായിരുന്നു ആദ്യ കരാര്‍. പിന്നീട് 2007ല്‍ മൂന്ന് കൊല്ലത്തേക്ക് കൂടി കരാ‍ര്‍ പുതുക്കുകയായിരുന്നു. ടെന്നീസ് താരം ആന്‍ഡി മുറെയെയും ഇവര്‍ സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. 2013 വരെയാണ് മുറെയുമായുള്ള കരാര്‍.

സ്പോണ്‍സര്‍ഷിപ് ചെലവ് വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായിട്ടാണ് കരാറില്‍ നിന്ന് പിന്‍‌മാറുന്നതെന്നും ബാങ്ക് അറിയിച്ചു. ഫോര്‍മുല വണ്‍ ട്രാക്കുകളില്‍ പരസ്യം ചെയ്യുന്നതില്‍ നിന്നും ആര്‍ബി‌എസ് പിന്‍‌മാറിയിട്ടുണ്ട്. അതേസമയം ബാങ്കിന്‍റെ തീരുമാനം ടീമിനെ ബാധിക്കില്ലെന്ന് വില്യംസ് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :