കുവൈറ്റ്‌: വിദേശികള്‍ക്ക്‌ ആരോഗ്യപരിശോധന

കുവൈറ്റ് സിറ്റി| WEBDUNIA| Last Modified വ്യാഴം, 20 സെപ്‌റ്റംബര്‍ 2007 (14:39 IST)

കുവൈറ്റിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികള്‍ക്കും ആരോഗ്യ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളുടെയും എയ്ഡ്‌സ്‌, ഹെപ്പറ്റൈറ്റിസ് തുറ്റങ്ങിയ പരിശോധന ഉറപ്പുവരുത്താന്‍ കുവൈത്ത്‌ ആരോഗ്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി.

കുവൈറ്റില്‍ അനുദിനം എയ്ഡ്‌സ്‌, ഹെപ്പറ്റൈറ്റിസ് ബി-സി, പള്‍മോണറി ട്യുബര്‍കുലോസിസ്‌ തുടങ്ങിയ രോഗബാധയുള്ള വിദേശ തൊഴിലാളികള്‍ വര്‍ധിച്ചുവരുന്നതായാണ് മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

നിലവില്‍ വിദേശികള്‍ അവരുടെ രാജ്യത്ത്‌ ഇത്തരം രോഗങ്ങള്‍ക്ക്‌ താത്കാലിക ചികിത്സ നടത്തി ലഭിക്കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റുമായിട്ടാണ്‌ കുവൈത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്‌. ഇവരില്‍ നിന്ന്‌ രോഗം വളരെപ്പെട്ടെന്ന്‌ മറ്റുള്ളവരിലേക്ക്‌ പകരുമെന്നതിനാണ്‌ സര്‍ക്കാരിന്റെ നിഗമനം. അതിനാല്‍ കര്‍ശനമായ പരിശോധന ഉറപ്പുവരുത്തുന്നതിന്‌ എല്ലാ സര്‍ക്കാര്‍ ജീവനക്കാരായ വിദേശികളെയും നിര്‍ബന്ധ ആരോഗ്യ പരിശോധനയ്ക്ക്‌ വിധേയരാക്കുന്നതിനാണ്‌ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്‌.

കുവൈറ്റിലെ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകളനുസരിച്ച്‌ മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളിലായി മൊത്തം 34,064 പേര്‍ ജോലി ചെയ്യുന്നു. ഇതില്‍ 16,456 പേര്‍ കുവൈത്ത്‌ സ്വദേശികളും ബാക്കി വിദേശികളുമാണ്‌.

ഡോക്ടര്‍മാരില്‍ കുവൈറ്റ് സ്വദേശികള്‍ 1,670 പേരും വിദേശികള്‍ 2,711 പേരുമാണ്‌. നഴ്‌സുമാര്‍ ആകെ 10,104 പേരാണ്‌. ഇതില്‍, 772 പേര്‍ കുവൈറ്റ് സ്വദേശികളും 9,332 വിദേശികളുമാണ്‌. എക്സ്‌റേ ടെക്‌നീഷ്യന്മാരില്‍ 3,643 പേരാണ്‌ കുവൈറ്റികള്‍‍; 2,846 പേര്‍ വിദേശികളും.

അതുപോലെ ആകെ ഫാര്‍മസിസ്റ്റുകള്‍ 708 ആണെങ്കില്‍ ഇതില്‍ 347 കുവൈറ്റ് സ്വദേശികളും 461 വിദേശികളും ആണ്. കുവൈറ്റിലെ 762 ഡെന്‍റിസ്റ്റുകളില്‍ പകുതിയോളം വിദേശികളാണ്‌ എന്നതും ഇത്തരം ആരോഗ്യ പരിശോധനയ്ക്ക്‌ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുകയാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :