കുവൈറ്റ് സന്ദര്‍ശിക്കുക എന്ന ഉദ്ദേശത്തോടെയെ എത്തുന്നവര്‍ക്ക് ഇനിമുതല്‍ ആരോഗ്യ സുരക്ഷാ ഫീസ് നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. സന്ദര്‍ശക വിസയില്‍ വരുന്നവരില്‍ നിന്ന് ഇത്തരത്തില്‍ ഫീസ് ഈടാക്കാന്‍ വിമാനത്താവളത്തില്‍ തന്നെ പ്രത്യേക കൌണ്ടര്‍ തുറക്കും.
കുവൈത്തില്‍ സ്ഥിരം വിസയിലുള്ളവരെപ്പോലെ സന്ദര്‍ശക വിസയിലെത്തുന്നവരും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ചികിത്സ നടത്തുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
ഇത്തരത്തില്‍ ലഭിക്കുന്ന ഫീസ് സ്വരൂപിച്ച് സന്ദര്‍ശകരുടെ തന്നെ ചികിസ്തയ്ക്ക് ഉപയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു.
പക്ഷെ, നിലവില്‍ സന്ദര്‍ശക വിസയ്ക്ക് വമ്പിച്ച തിരക്കാണ് ഉണ്ടായിട്ടുള്ളത്. സന്ദര്‍ശക വിസാ നിയമം കുവൈത്തില്‍ ഉദാരമാക്കിയതാണിതിനു കാരണം. പുതിയ വിസാ നിയമം അനുസരിച്ച് അടുത്ത ബന്ധുക്കളെ കൂടാതെ ആര്‍ക്കു വേണ്ടിയും സന്ദര്‍ശക വിസ എടുക്കാം. കഴിഞ്ഞ ശനിയാഴ്ചയാണ് കുവൈത്തില്‍ പുതിയ സന്ദര്‍ശക വിസാ നിയമം പ്രാബല്യത്തില്‍ വന്നത്.
ഇതുവരെ സന്ദര്‍ശക വിസാ കാലാവധി ഒരു മാസമായിരുന്നത് മൂന്നു മാസമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം സന്ദര്‍ശക വിസ പിന്നീട് ആശ്രിത വിസയാക്കാനും സര്‍ക്കാര്‍ അനുമതി നല്‍കും.