മനാമ|
WEBDUNIA|
Last Modified വെള്ളി, 27 ജൂലൈ 2007 (15:07 IST)
യു.എ.ഇ യുടെ ചുവടു പിടിച്ച് ബഹ്‌റൈനില്‍ സപ്തംബര്‍ ഒന്നു മുതല്‍ ആറുമാസക്കാലാവധി വരുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ബഹ്‌റൈന്‍ തൊഴില്‍മന്ത്രി ഡോ.മജീദ് മൊഹ്‌സിന്‍ അല്‍ അലവിയുമായി ഇന്ത്യന്‍ അംബാസഡര്‍ ബാലകൃഷ്ണഷെട്ടി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
പൊതുമാപ്പുമായി സഹകരിക്കുവാന്‍ നിയമ വിരുദ്ധമായി താമസിക്കുന്നവരോട് അഭ്യര്‍ഥിക്കണമെന്നും ഇന്ത്യന്‍ എംബസിയുടെ എല്ലാ വിധത്തിലുള്ള സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി അംബാസഡറോട് അഭ്യര്‍ഥിച്ചിരുന്നു.
വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ചും ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങില്‍നിന്നുള്ളവരാണ് നിയമവിരുദ്ധമായി താമസിക്കുന്നവരിലേറെയും. അതിനാല്‍ ഈ രാജ്യങ്ങളുടെ അംബാസഡര്‍മാരുടെ ഒരു അടിയന്തരയോഗം ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആഗസ്ത് ഒന്നിന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.
നിയമവിരുദ്ധമായി ബഹ്‌റൈനില്‍ താമസിക്കുന്ന മലയാളികളടക്കമുള്ള അന്‍പതിനായിരത്തോളം വിദേശികള്‍ക്ക് ഗുണം ചെയ്യുന്ന പ്രഖ്യാപനം ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹം സ്വാഗതം ചെയ്തു.
ബഹ്‌റൈനില്‍ നല്‍കുന്ന ഈ അവസരം നിയമവിരുദ്ധമായി ബഹ്‌റൈനില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരും പ്രയോജനപ്പെടുത്തണമെന്ന് അംബാസഡര്‍ ഷെട്ടി അഭ്യര്‍ഥിച്ചു.
ബഹ്‌റൈനില്‍ തൊഴില്‍വിസയില്‍ വന്ന് വിസ കാലാവധി തീര്‍ത്ത് രാജ്യത്ത് തങ്ങുന്നവര്‍ക്കും സന്ദര്‍ശകവിസയില്‍ വന്ന് സ്പോണ്‍സര്‍മാരാലും റിക്രൂട്ടിങ് ഏജന്‍സികളാലും കബളിപ്പിക്കപ്പെട്ടവര്‍ക്കും പൊതുമാപ്പിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന് അംബാസഡര്‍ തൊഴില്‍ മന്ത്രാലയത്തെ അറിയിച്ചു.