കുവൈറ്റ്‌: കുറഞ്ഞ വേതനം നിജപ്പെടുത്തി

കുവൈറ്റ്‌സിറ്റി| WEBDUNIA|

ശനി, 11 ജൂണ്‍ 2005

വിദേശത്തൊഴിലാളികളുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 40 ദിനാറായി കുവൈറ്റ്‌ ഭരണകൂടം നിജപ്പെടുത്തുന്നു. സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ കുറഞ്ഞ വേതനം 100 കുവൈറ്റ്‌ ദിനാര്‍ ആയിരിക്കും.

പുതുതായി നിശ്ചയിച്ച വേതനപരിധിയില്‍ താഴെ നല്‍കി തൊഴിലാളികളെ നിയമിക്കാന്‍ കമ്പനികള്‍ക്ക്‌ അധകാരമുണ്ടായിരിക്കുന്നതല്ല. ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിമയം അടുത്ത മാസം നിലവില്‍ വരും.

ഉച്ചയ്ക്ക്‌ 12 മണിമുതല്‍ നാലു മണിവരെ തൊഴിലാളികളെ കൊണ്ട്‌ പണി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കും. കടുത്ത ചൂടില്‍ തുറന്ന പ്രദേശങ്ങളില്‍ തൊഴിലാളികളെ കഠിനമായി പണിയെടുപ്പിക്കാന്‍ പാടില്ലെന്ന നിര്‍ദേശമുണ്ട്‌. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത്‌ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ വക്താവ്‌ അറിയിച്ചു. തൊഴിലാളികള്‍ക്ക്‌ നീതി നിഷേധിക്കുന്ന കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കരാര്‍ ജോലികള്‍ റദ്ദാക്കുമെന്നും തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :